// // // */
സ്റ്റാഫ് ലേഖകൻ
February 07, 2018 Wednesday
കേരള ബിസിനസ്സ് ഫോറത്തിന്റെ സ്ഥാപക അംഗങ്ങളും അതിഥികളും ഉദ്ഘാടന ചടങ്ങില്‍.
പ്രവാസി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നിരവധി മലയാളി സംഘടനകള്‍ ഖത്തറില്‍ നിലവിലുണ്ട്. പക്ഷെ, തൊഴില്‍ദായകരുടെയും ബിസിനസ്സുകാരുടേയും പ്രശ്‌നങ്ങളെക്കുറിച്ച് അധികമാരും ചര്‍ച്ച ചെയ്യാറില്ല. ഖത്തറിലെ മലയാളി സംരംഭകര്‍ക്കു കൂടിയിരിക്കാനും ആശയവിനിമയം നടത്താനും കൂട്ടായി ബിസിനസ്സ് പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഒരു വേദി വേണം എന്ന ചിന്തയില്‍ നിന്നാണ് കേരള ബിസിനസ്സ് ഫോറത്തിന്റെ (KBF) പിറവി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രൂപം കൊണ്ട ഫോറത്തിന് ഒരു വയസ്സ് തികയുന്നു.
2017 ജനുവരി 6 ന് ബാംഗ്‌ളൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ ഒരുമിച്ച് കൂടിയ ഖത്തറില്‍ നിന്നുള്ള 50 ല്‍ അധികം മലയാളി ബിസിനസ്സുകാരും സംരംഭകരുമാണ് അവിടെവെച്ച് ഫോറത്തിന് വിത്തുപാകിയത്. ഒമ്പത് മാസങ്ങള്‍ക്കു ശേഷം നവംബര്‍ 23 ന് ദോഹയിലെ ഹോളിഡേ ഇന്നില്‍ നടന്ന പത്രസമ്മേളനത്തില്‍ ഫോറം ഔപചാരികമായി ലോഞ്ച് ചെയ്തു.
ഖത്തറിലെ മലയാളി സമൂഹത്തിന്റെ നട്ടെല്ലാണ്, ശക്തമായ സന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇവിടുത്തെ മലയാളി ബിസിനസ്സ് സമൂഹം. ജന്മസിദ്ധമായ കഴിവുകൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും ചെറുതും വലുതുമായ ബിസിനസ്സ് സംരംഭങ്ങള്‍ കെട്ടിപ്പടുത്തവര്‍. അവരില്‍ ഉന്നതങ്ങളിലേക്ക് കയറിപ്പോയവരും പാതിവഴിയില്‍ കാലിടറിവീണവരും പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നവരും ഉണ്ട്. അവര്‍ക്ക് പരസ്പരം ഒരു കൈത്താങ്ങ് നല്‍കാന്‍ ഒരു വേദി- അതാണ് കെ.ബി.എഫിന്റെ പ്രഥമ ദൗത്യമെന്ന് പ്രസിഡണ്ട് അബ്ദുല്ല തെരുവത്ത് ഈയുഗത്തോട് പറഞ്ഞു.
വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയായ ഫോറത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഖത്തറിലെ അറിയപ്പെടുന്ന ഏതാണ്ടെല്ലാ മലയാളി ബിസിനസ്സുകാരും സംരംഭകരുമുണ്ട്. 65 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു. ഇപ്പോള്‍ 50ലധികം ആളുകള്‍ അംഗങ്ങളാണ്. ഫോറത്തിന്റെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ധാരാളം ബിസിനസ്സുകാര്‍ ഇതുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്. ഫോറത്തെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ നെറ്റ് വർക്കുമായി (IBPN) അഫിലിയേറ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
നാല് പ്രധാനലക്ഷ്യങ്ങളാണ് കെ.ബി.എഫി ന്റെ രൂപീകരണത്തിന് പിന്നില്‍ ഉള്ളത്.
- ഖത്തറിലെ മലയാളി ബിസിനസ്സുകാരെ കൂട്ടിയിണക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുകയും അതിലൂടെ കേരളീയ പ്രവാസി സമൂഹത്തിന് ക്രിയാത്മകമായസംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യുക.
- മലയാളി ബിസിനസ്സുകാര്‍ക്കും സംരംഭകര്‍ക്കും ആവശ്യമായ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ബിസിനസ്സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ക്ക് വിദ്യാഭ്യാസവും ബോധവല്‍ക്കരണവും നല്‍കുകയും ചെയ്യുക.
- മലയാളി പ്രവാസിസമൂഹത്തിന്‌റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിന് തനതായ സംഭാവനകള്‍ അര്‍പ്പിക്കുക.
- ബിസിനസ്സ് രംഗത്ത് കൂട്ട്സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഖത്തറിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസി സംരംഭകര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുകയും ചെയ്യുക.
ബിസിനസ്സ് രംഗത്ത് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും പലതരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്ന ഇക്കാലത്ത് കൂട്ടുസം രംഭങ്ങള്‍ക്ക് വമ്പിച്ച പ്രസക്തിയുണ്ടെന്ന് അബ്ദുല്ല ചൂണ്ടിക്കാണിക്കുന്നു. ഒറ്റക്ക് സംരംഭങ്ങള്‍ തടങ്ങാനുള്ള സാമ്പത്തിക ശേഷിയോ, അനുഭവ പരിജ്ഞാനമോ എല്ലാവര്‍ക്കും ഉണ്ടാവണം എന്നില്ല. ഒരു സംരംഭത്തിന്‌റെ തന്നെ പല മേഖലകളില്‍ കഴിവും പ്രാഗത്ഭ്യവും ഉള്ള ആളുകള്‍ ഉണ്ടാവും. ഇവരുടെ കൂട്ടായ്മയിലൂടെ ബിസിനസ്സ് സംരംഭങ്ങള്‍ വിജയത്തിലെത്തിക്കാനും നഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും.
കെ.ബി.എഫ്. മലയാളി ബിസിനസ്സ് സമൂഹത്തിന് വേണ്ടി നാനാമുഖമായ പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണെന്ന് അബ്ദുല്ല പറഞ്ഞു. 'ഷെയര്‍ ആന്റ് കെയര്‍' എന്നതാണ് ഫോറത്തിന്റെ മുദ്രാവാക്യം. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പോലും, പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ക്ക് വൈകാരികമായ പിന്തുണ നല്‍കാനും, ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയും.
അത്‌പോലെ പ്രധാനമാണ് ബിസിനസ്സുകാര്‍ ആകസ്മികമായ അപകടങ്ങളെയോ, ദുരന്തങ്ങളെയോ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുക എന്നത്. വെറും കച്ചവടകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വേദി എന്നതിലപ്പുറം, ബിസിനസ്സുകാര്‍ക്ക് അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരസ്പരം പങ്കുവെക്കാനും കൂട്ടായി പരിഹാരം കണ്ടെത്താനുമുള്ള ഒരു പ്രതലം കൂടിയാണ് കെ.ബി.എഫ്. ആ തലത്തിലേക്ക് അതിനെ വളര്‍ത്തിയെടുക്കാനാണ് അതിന്റെ അംഗങ്ങളും അണിയറ ശില്പികളും ആഗ്രഹിക്കുന്നത്.