// // // */
ഈയുഗം ന്യൂസ്
January 19, 2022 Wednesday 04:10:11pm
ദോഹ: ലോക കപ്പ് കാണികളിൽ നിന്ന് ഉണ്ടായേക്കാവുന്ന അരാജകത്വം അമർച്ച ചെയ്യാൻ തുർക്കിയിൽ നിന്ന് 3,000 സ്പെഷ്യൽ പോലീസ് ഖത്തറിൽ എത്തും.
കലാപങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് സേനയാണ് ഖത്തറിൽ എത്തുകയെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയിലു പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
റയട്ട് പൊലീസിന് പുറമെ സ്പെഷ്യൽ ഫോഴ്സ് യൂണിറ്റിൽ നിന്ന് 100 പോലീസുകാരും 50 ബോംബ് വിദഗ്ധരും 50 പോലീസ് നായ്ക്കളും തുർക്കിയിൽ നിന്നും എത്തും.
"മൊത്തം 3,250 തുർക്കിഷ് സെക്യൂരിറ്റി ജീവനക്കാരെ നവംബർ-ഡിസംബർ മാസങ്ങളിൽ 45 ദിവസം ഖത്തറിൽ വിന്യസിക്കും. പത്തു ലക്ഷത്തിലധിക കാണികൾ ഖത്തറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്," സുലൈമാൻ സോയിലു പറഞ്ഞു.
677 ഖത്തർ സെക്യൂരിറ്റി ജീവനക്കാർക്ക് തുർക്കി പരിശീലനം നൽകിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം ഫുട്ബാൾ മത്സരങ്ങളിൽ അഴിഞ്ഞാടുന്ന ഇംഗ്ലീഷ് ഫുട്ബാൾ ആരാധകരെ കൈകാര്യം ചെയ്യാൻ ലോകത്ത് തന്നെ ഏറ്റവും ഭയപ്പെടുന്ന 'തുർക്കിഷ് ഭീകരപോലിസിനെ' ഖത്തർ ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.