// // // */
ഈയുഗം ന്യൂസ്
January 19, 2022 Wednesday 01:07:28pm
ദോഹ: ഖത്തർ ലോക കപ്പ് ടിക്കറ്റ് വിൽപ്പനയുടെ ആദ്യ ഘട്ടം ഇന്ന് തുടങ്ങും. ജനുവരി 19 മുതൽ ഫെബ്രുവരി 8 വരെയാണ് ആദ്യ ഘട്ടവിൽപ്പന.
ടിക്കറ്റിന് വേണ്ടി അപേക്ഷിക്കാമെന്നും അപേക്ഷകരുടെ എണ്ണം കൂടിയാൽ നറുക്കെടുപ്പിലൂടെ നിശ്ചയിക്കുമെന്നും ആദ്യ ദിവസം അപേക്ഷ നൽകിയാലും അവസാന ദിവസം നൽകിയാലും മുൻഗണന ക്രമത്തിലായിരിക്കില്ല ടിക്കറ്റ് അലോട്ട്മെന്റ് എന്നും സംഘാടകർ അറിയിച്ചു.
ഖത്തർ നിവാസികൾക്ക് 40 റിയാൽ മുതൽ 750 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. ഗ്രൂപ് മത്സരങ്ങൾക്ക് 40 റിയാലും ഫൈനൽ മത്സരത്തിന് 750 റിയാലും ആയിരിക്കും. ടിക്കറ്റുകൾ ഖത്തറിലുള്ളവർക്കും വിദേശികൾക്കും നൽകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കായിരിക്കും.
നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ: ഒന്ന്, സ്റ്റേഡിയത്തിന്റെ സുപ്രധാന സ്ഥലത്ത് ഏറ്റവും വില കൂടിയ ടിക്കറ്റുകൾ; രണ്ടും മൂന്നും വിഭാഗങ്ങൾ ഒന്നാം കാറ്റഗറിയുടെ അടുത്തായിരിക്കും; നാലാം വിഭാഗം ഖത്തർ നിവാസികൾക്ക് മാത്രം. ഖത്തർ നിവാസികൾ അപേക്ഷിക്കുമ്പോൾ പൂർണ അഡ്രസ്സും ഖത്തർ ഐ.ഡി നമ്പറും നൽകണം.
ടിക്കറ്റ് ലഭിച്ചാലും ഇല്ലെങ്കിലും എല്ലാ അപേക്ഷകർക്കും വിവരം ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി FIFA.com/tickets എന്ന വെബ്സൈറ്റ് സന്ദർശിക്കുക.