// // // */
ഈയുഗം ന്യൂസ്
December 28, 2021 Tuesday 07:51:53am
ദോഹ: അന്താരാഷ്ട്ര ഫുട്ബോൾ മാമാങ്കത്തിന്റെ ഒരുക്കങ്ങളിലും സന്നദ്ധ സേവന രംഗത്തും സജീവമായ പങ്കാളിത്തവുമായി ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യുഗെറ്റിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുന്നു.
തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ഖത്തറിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ക്യുഗെറ്റ് ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐ.ബി.പി.സി ( ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൌൺസിൽ) ൽ രജിസ്റ്റർ ചെയ്ത പ്രൊഫഷണൽ സംഘടന കൂടിയാണ്.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന എഞ്ചിനീയറിംഗ് കോളേജുകളിലൊന്നായ തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇന്ത്യക്കകത്തും പുറത്തും സാങ്കേതിക വ്യവസായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി എഞ്ചിനീയർമാരെ സംഭാവന ചെയ്ത മഹത്തായ സ്ഥാപനമാണ്.
ഫിഫയുടെ കീഴിൽ ഖത്തറിൽ നടന്ന അറബ് കപ്പ് ഫുടബോൾ ടൂർണമെന്റിന് 10 സന്നദ്ധസേവകരെയാണ് ക്യുഗെറ്റ് സംഭാവന ചെയ്തത്.
1990 മുതൽ 2019 വരെയുള്ള വിവിധ ബാച്ചുകളിലായി പുറത്തിറങ്ങിയ എഞ്ചിനീയർമാരാണ് പ്രായം സാമൂഹ്യ സേവനത്തിനു ഒരു തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ട്, അന്താരാഷ്ട ഫുട്ബോൾ മാമാങ്കത്തിനായൊരുക്കിയ മനോഹരമായ ആറു സ്റ്റേഡിയങ്ങളിൽ സേവനമനുഷ്ഠിച്ചത്.
60,000 അപേക്ഷകരിൽ നിന്നാണ് 5,000 പേരുടെ സന്നദ്ധസേവക സംഘത്തെ ആറു മാസക്കാലത്തെ വിശദമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഫിഫ ഒരുക്കിയത്.
ഫിഫ നെറ്റ് വർക്ക്, ടിവി ഓപ്പറേഷൻ, ഫാൻ സപ്പോർട്, ഗതാഗതം, മീഡിയ ഒപ്പറേഷൻ, ടിക്കറ്റിങ്, സ്പെകാറ്റർ സർവീസ് സപ്പോർട്, വർക്ക്‌ഫോഴ്‌സ് ഓപ്പറേഷൻ തുടങ്ങിയ സാങ്കേതികവും അല്ലാതെയുമുള്ള വകുപ്പുകൾക്ക് കീഴിലായുള്ള പ്രവർത്തങ്ങളിലൂടെയാണ് സന്നദ്ധ പ്രവർത്തകർ ദൗത്യം പൂർത്തിയാക്കിയത്.
അറബ് കായിക മാമാങ്കം ചരിത്ര വിജയമായതിൽ ഒരു പങ്കു വഹിക്കാനായതിന്റെ ചാരിതാർഥ്യം ചെറുതല്ലെന്നും ഇപ്പോൾ ലഭിച്ച ഊർജ്ജം അടുത്ത വർഷം നടക്കുന്ന ലോകക്കപ്പ് ഫുടബോൾ മത്സര നടത്തിപ്പിന്റെ ഭാഗമാവാനുള്ള ആവേശം നൽകുന്നതാണെന്നും സന്നദ്ധ സേവകർ അഭിപ്രായപ്പെട്ടു. അംഗങ്ങൾക്കിടയിൽ കായിക അവബോധം വളർത്തുന്നതിനായി 2022 നെ കായിക വർഷമായി ആചരിക്കാൻ സംഘടന തീരുമാനമെടുത്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എല്ലാ വിഭാഗം അംഗങ്ങൾക്കും അനുയോജ്യമായ മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.