// // // */
ഈയുഗം ന്യൂസ്
December 03, 2021 Friday 04:49:49pm
ദോഹ: കോവിഡ് വാക്സിന്റെ രണ്ടും ഡോസും സ്വീകരിച്ച് മൂന്നാം ഡോസെടുക്കാന്‍ അര്‍ഹരായവര്‍ എത്രയും പെട്ടെന്ന് കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് കുത്തിവെടുക്കണമെന്ന് ഖത്തര്‍ സര്‍വകലാശാലയുടെ മുന്‍ പ്രസിഡന്റും രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച ആദ്യ വ്യക്തിയുമായ ഡോ. അബ്ദുള്ള അല്‍ കുബൈസി അഭ്യര്‍ത്ഥിച്ചു.
ഖത്തറില്‍ കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്ന ആദ്യത്തെ ആളുകളില്‍ ഒരാളായി മാറാന്‍ എനിക്ക് സാധിച്ചു. ആദ്യത്തെ രണ്ട് വാക്സിന് ഡോസുകള്‍ പോലെ ബൂസ്റ്റര്‍ വാക്സിന് കുത്തിവെപ്പും വേദനയില്ലാത്തതായിരുന്നു. കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും എനിക്ക് അനുഭവപ്പെട്ടില്ല- പൊതുജനാരോഗ്യ മന്ത്രാലയം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ കുബൈസി പറഞ്ഞു.
വാക്സിന് ബൂസ്റ്റര്‍ ഡോസ് ലഭിച്ചതിലും വൈറസിനെതിരെ ഉയര്‍ന്ന പ്രതിരോധം നേടാന്‍ സാധിച്ചതിലും എനിക്ക് സന്തോഷമുണ്ട്. വാക്സിന് ബൂസ്റ്റര്‍ ഡോസെടുക്കാന്‍ യോഗ്യരായവര്‍ എത്രയും വേഗം അത് എടുക്കുന്നതിനെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡോ അല്‍ കുബൈസി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 137 പേർ രോഗമുക്തി നേടി.
ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2103 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ 611 പേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല.
പുതിയ 154 കേസുകളിൽ 128 പേര്‍ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.
കോവിഡ് ബാധിച്ച് 11 പേർ ഇപ്പോൾ ഐ.സി.യു വിലും 81 പേർ ആശുപത്രികളിലുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,147 ഡോസ് വാക്സിൻ നൽകി.