ഈയുഗം ന്യൂസ്
November  25, 2021   Thursday   12:13:11pm

newswhatsapp

ദുബായ്: ലോകകപ്പിന് മുന്നോടിയായി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നോര്‍വീജിയന്‍ സ്റ്റേറ്റ് ടെലിവിഷനിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഖത്തറില്‍ അറസ്റ്റിലായി.

ഇവരെ ഖത്തറിലെ സുരക്ഷാ സേന 30 മണിക്കൂറിലധികം തടഞ്ഞുവയ്ക്കുകയും കുടിയേറ്റ ലേബര്‍ ക്യാമ്പില്‍ അവര്‍ ശേഖരിച്ച ദൃശ്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

എന്‍.ആര്‍.കെ. മാധ്യമപ്രവര്‍ത്തകരായ ഹല്‍വര്‍ എകെലാന്‍ഡും ലോക്മാന്‍ ഘോര്‍ബാനിയുമാണ് സ്വകാര്യ സ്ഥലത്ത് അതിക്രമിച്ച് കയറി അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിന് ഖത്തറില്‍ അറസ്റ്റിലായത്.

പിന്നീട് വിട്ടയച്ച ഇവർ ബുധനാഴ്ച പുലര്‍ച്ചെ നോര്‍വേയിലേക്ക് മടങ്ങി. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോയര്‍ പ്രതികരിച്ചു.

ഈ വിഷയത്തില്‍ രാജ്യത്തെ ഖത്തര്‍ അംബാസഡറെ നോര്‍വേ തലസ്ഥാനമായ ഓസ്ലോയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചതായി നോര്‍വീജിയന്‍ വാര്‍ത്താ ഏജന്‍സി എന്‍.ടി.ബി. റിപ്പോര്‍ട്ട് ചെയ്തു.

തത്സമയ റിപ്പോര്‍ട്ടിനിടെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തതിനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഉപകരണങ്ങളുമായി പുറത്തിറങ്ങാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്‍.ആര്‍.കെ.യോട് പറഞ്ഞു. 32 മണിക്കൂര്‍ തടവിലാക്കിയെന്നും വെല്ലുവിളികള്‍ നിറഞ്ഞ ദിവസങ്ങളായിരുന്നു കടന്നു പോയത് എന്നും പത്രപ്രവർത്തകർ പറഞ്ഞു. ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ഥലയുടമയായ ഒരു സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ഖത്തര്‍ സര്‍ക്കാര്‍ പ്രസ്താവിച്ചു.

എക്‌ലാന്‍ഡ് ഒരു ഷൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും സൈറ്റിലേക്ക് പോകുന്നതിന് മുമ്പ് അധികൃതര്‍ അത് അനുവദിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഖത്തറില്‍ സ്വകാര്യയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനും വാര്‍ത്ത ഷൂട്ട് ചെയ്യാനുമുള്ള അനുമതി ആവശ്യമാണ്. എല്ലാ രാജ്യങ്ങളിലെയുമെന്ന പോലെ അതിക്രമിച്ച് കടക്കുന്നത് ഖത്തര്‍ നിയമത്തിലും തെറ്റാണ്. സ്വകാര്യ വസ്തുവില്‍ പ്രവേശിക്കുന്നതിന് മുമ്പ് ക്രൂ അംഗങ്ങള്‍ക്ക് ഇത് പൂര്‍ണമായി അറിയാമായിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതിര്‍ത്തി ലംഘിച്ച് അവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഖത്തര്‍ നിയമം അനുസരിച്ച് അധികാരികള്‍ ഇല്ലാതാക്കിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Comments


Page 1 of 0