ഈയുഗം ന്യൂസ്
November  24, 2021   Wednesday   11:56:21am

newswhatsapp

ദോഹ: മാനത്ത് ദൃശ്യവിസ്മയങ്ങളുടെ സൗന്ദര്യവുമായി ഖത്തർ ബലൂണ്‍ ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പ് ഡിസംബര്‍ ഒന്‍പതിന് തുടക്കമാകും.

ആസ്പയര്‍ പാര്‍ക്കില്‍ വെച്ചാണ് ഫെസ്റ്റിവല്‍ നടക്കുക. പത്ത് ദിവസം നീളുന്ന ഫെസ്റ്റിവലില്‍ പ്രത്യേക ആകൃതിയിലും വലിപ്പത്തിലുമുള്ള വര്‍ണ്ണാഭമായ 40 ബലൂണുകളാണ് ആകാശത്ത് പ്രദര്‍ശിപ്പിക്കുക.

തവള, കരടി, കടുവ, കുറുക്കന്‍, നായ, കോമാളി, ബോട്ട് തുടങ്ങി നിരവധി രൂപങ്ങളിലുള്ള എയര്‍ ബലൂണുകള്‍ ഫെസ്റ്റിവലില്‍ ഇത്തവണ ശ്രദ്ധേയമാകും. ഖത്തറിനെ ഒരു ആഗോള ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബലൂണ്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹസന്‍ അല്‍താനി പറഞ്ഞു.

സന്ദർശകർക്കും നാട്ടുകാർക്കും കൂടുതൽ ആവേശം നൽകുന്നതിനായി ബലൂൺ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിനെ 2022 ഖത്തർ ഫിഫ ലോകകപ്പുമായി യോജിപ്പിച്ചിരിക്കുന്നു. ഫെസ്റ്റിവെല്ലിൽ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ബലൂൺ റൈഡ് ബുക്ക് ചെയ്യാനുള്ള അവസരവും ഇത്തവണയുണ്ട്. ഒരാൾക്ക് 299 ഖത്തർ റിയാലാണ് ചാർജ്.

വരാനിരിക്കുന്ന ഫിഫ ലോകകപ്പിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലുള്ളവർക്കും സന്ദർശകർക്കും ഫെസ്റ്റിവൽ വിത്യസ്തമായ അനുഭവമായിരിക്കുമെന്ന് ഖത്തർ ടൂറിസം ആക്ടിംഗ് ഹെഡ് ഓഫ് ഇവന്റ്‌സ് ആൻഡ് ഫെസ്റ്റിവൽസ് ടെക്‌നിക്കൽ സപ്പോർട്ട് വിഭാഗം മേധാവി ഹമദ് അൽ ഖാജ പറഞ്ഞു.

ലോകത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം പ്രതിഫലിപ്പിക്കുന്നതായിരിക്കും ഫെസ്റ്റിവൽ. അതേസമയം ഈ വർഷത്തെ ഫെസ്റ്റിവലിൽ കൂടുതൽ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് ഖത്തർ ബലൂൺ ഫെസ്റ്റിവൽ മാർക്കറ്റിംഗ് മാനേജർ റുസ്ലാൻ കുർട്ട് വെലിയേവ് പറഞ്ഞു. വൈകിട്ട് നാലു മണി മുതൽ രാത്രി 10 മണി വരെ ആസ്പയർ പാർക്കിൽ സംഗീത-നൃത്ത പരിപാടികളാൽ സജീവമായിരിക്കും.

ഡി.ജെ. പാർട്ടി ഉൾപ്പടെയുള്ള വിനോദ പരിപാടികൾക്ക് പുറമേ ഭക്ഷണ പാനീയങ്ങളും കുട്ടികൾക്കായി വിവിധ ഗെയിമുകളുമുണ്ടാവും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം 50,000 കവിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷയെന്നും കുർട്ട്‌വെലിയേവ് പറഞ്ഞു. ഫെസ്റ്റിവലിന്റെ ടിക്കറ്റുകൾ www.qatarballoonfestival.com എന്ന വെബ്‌സൈറ്റിലും ദോഹ ഫെസ്റ്റിവൽ സിറ്റിയിലും അടുത്ത ആഴ്ചയോടെ ലഭ്യമാകും.

Comments


Page 1 of 0