ഈയുഗം ന്യൂസ്
November  23, 2021   Tuesday   05:36:34pm

newswhatsapp

ദോഹ: ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തറിനെപ്പോലെ തയ്യാറെടുത്ത മറ്റൊരു രാജ്യം ലോക കപ്പ് ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

ഈ ലോകകപ്പ് സംഘാടന മികവിനാല്‍ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റി '2022 ഖത്തര്‍ ഫിഫാ ലോകകപ്പ്: ചരിത്രത്തിലേക്കുള്ള കൗണ്ട്ഡൗണ്‍' എന്ന തലക്കെട്ടില്‍ നടത്തിയ സ്പീക്കര്‍ സീരീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനു മുമ്പ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച മറ്റേതൊരു രാജ്യത്തേക്കാളും മുമ്പേ ഖത്തര്‍ ലോകകപ്പിനെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിക്കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെല്ലാം തയ്യാറായി. ഇനിയുള്ള ഒരു വര്‍ഷം ലോകകപ്പില്‍ പന്തുരുളുന്നത് കാണാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഖത്തറിലേക്ക് എത്തുന്ന ആരാധകര്‍ക്ക് ഈ സന്ദര്‍ശനം മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്നതിനുള്ള വിഭവങ്ങളുരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം, അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ ലോകകപ്പിന് യുവതലമുറയെ പ്രചോദിപ്പിക്കാനും ഫുട്‌ബോള്‍ വികസിപ്പിക്കാനും ശക്തിയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഖത്തറും ഫിഫയും ഒരു ടീമായാണ് ഈ ലോകകപ്പ് സംഘടിപ്പിടിപ്പിക്കുന്നത്. ഒരോ ലോകകപ്പും കഴിഞ്ഞ് അടുത്തതിലേക്ക് എത്തുമ്പോള്‍ ലോകത്ത് ഫുട്‌ബോള്‍ ചെലുത്തുന്ന സ്വാധീനം മികച്ചതായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഖത്തറിലും അത് പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷനും (ക്യു.എഫ്.) ഫിഫ ഫൗണ്ടേഷനും ചേര്‍ന്ന് കായിക രംഗത്തെ യുവപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി.

സ്‌കൂളുകളില്‍ നിന്നും പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതാണ് പദ്ധതി. ഇതിനായി ഫുട്‌ബോള്‍ ആപ്പ് ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കും.

ക്യു.എഫ്. ഫിഫാ ഫൗണ്ടേഷന്റെ പങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതി 2022-ല്‍ ആഗോളതലത്തില്‍ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

Comments


Page 1 of 0