ഈയുഗം ന്യൂസ്
November  23, 2021   Tuesday   02:33:17pm

newswhatsapp

ദോഹ: പരീക്ഷാ സമ്മര്‍ദം ഒഴിവാക്കാനായി നാല് വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കിയ സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സംഭവം സമൂഹ മാധ്യമങ്ങളിൽ വൻവിവാദമായിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് മരുന്ന് നല്‍കാന്‍ സ്‌കൂള്‍ നഴ്‌സിന് മാത്രമാണ് അധികാരം. ഈ നിയമം ലംഘിച്ചതിനാണ് അധ്യാപികയെ പിരിച്ചുവിട്ടതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിര്‍ഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവവുമാണിത്. ഇതുമായി ബന്ധപ്പെട്ട അധ്യാപിക, സ്‌കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികൾ, ഗുളികകള്‍ കഴിച്ച വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ എല്ലാ കക്ഷികളെയും വിസ്തരിച്ച് നടത്തിയ അന്വേഷണത്തിനു ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

കുട്ടികള്‍ കഴിച്ച ഗുളികകള്‍ ലാബില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ഇതില്‍ മയക്കുമരുന്നും നിരോധിത വസ്തുക്കളുടെയും അംശം കണ്ടെത്താന്‍ സാധിച്ചില്ല. എങ്കിലും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് അധ്യാപകന്റെ പ്രവൃത്തി ഒരിക്കലും വെച്ചുപൊറുപ്പിക്കാന്‍ സാധിക്കുന്നതല്ല.

ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തോടുള്ള പരാതികള്‍ നേരിട്ടറിയിക്കാം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഹോട്ട്‌ലൈന്‍ നമ്പറായ 155-ല്‍ വിളിച്ചും പരാതികള്‍ അറിയിക്കാമെന്ന് മന്ത്രാലയം പ്രസ്താവിച്ചു.

Comments


Page 1 of 0