ഈയുഗം ന്യൂസ്
November  23, 2021   Tuesday   09:51:58am

newswhatsapp

ദോഹ: വൈദ്യുതി നിരക്കുകളിലെ വർധനയ്ക്ക് കാരണം സ്മാർട്ട് മീറ്റർ അല്ലെന്ന് ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) അറിയിച്ചു. വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും താരിഫ് കണക്കുകൂട്ടലിലെ വർധനവിന് കാരണം സ്മാർട്ട് മീറ്ററുകൾ അല്ലെന്നും കഹ്‌റമ പ്രതികരിച്ചു.

ചില വരിക്കാരുടെ ഉയർന്ന ബിൽ തുകയ്ക്ക് കാരണം പുതുതായി സ്ഥാപിച്ച സ്മാർട്ട് മീറ്ററുകളോ താരിഫ് നിരക്കിലെ വർധനവോ ആണെന്ന അഭ്യൂഹങ്ങളെ നിരാകരിക്കുന്നതാണ് ഈ വിശദീകരണം.

ബിൽ തുക ഉയരാൻ കാരണം താരതമ്യേന ഉപഭോഗത്തിന്റെ കൃത്യവും യഥാർത്ഥവുമായ റീഡിംഗുകൾ റെക്കോർഡ് ചെയ്യുന്നതിനാലും ഏകദേശ കണക്കുകളെ ആശ്രയിക്കേണ്ടതില്ലാത്തതിനാലും ആയിരിക്കാമെന്ന് കഹ്‌റാമ അഭിപ്രായപ്പെട്ടു.

ഖത്തറിൽ സ്‌മാർട്ട് മീറ്റർ സംവിധാനത്തിന്റെയും വൈദ്യുതി മീറ്ററുകൾക്കായുള്ള ആശയവിനിമയ ശൃംഖലയുടെയും നിർമാണം പൂർത്തിയായതായി കഹ്‌റാമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി.) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 600,000 സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്.

2021 ജനുവരി മുതൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലിനൊപ്പം സാനിറ്റേഷൻ ചാർജുകൾ കൂടി ഈടാക്കുന്നുണ്ട്.

കഹ്‌റാമ നൽകുന്ന പ്രതിമാസ ജല ഉപഭോഗ ബില്ലിന്റെ 20 ശതമാനത്തിന് തുല്യമായിരിക്കും ശുചിത്വ ഫീസ്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) നൽകുന്ന ശുചിത്വ സേവനങ്ങൾക്കാണ് കഹ്‌റാമ ഈ ഫീസ് ഈടാക്കുന്നത്.

Comments


Page 1 of 0