ഈയുഗം ന്യൂസ്
November  22, 2021   Monday   04:00:52pm

newswhatsapp

ദുബായ്: യു.എ.ഇ രാജകുമാരിയുടെ പ്രതിഷേധത്തെത്തുടർന്ന് സീ ന്യൂസിന്റെ എഡിറ്റർ സുധീർ ചൗധരിയെ അബൂദബിയിൽ നടക്കാനിരിക്കുന്ന പരിപാടിയിൽ നിന്നൊഴിവാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (അബുദാബി ചാപ്റ്റർ) ഈ മാസം 25, 26 തിയതികളിൽ യുഎഇ തലസ്ഥാനത്ത് നടത്തുന്ന സെമിനാറിലെ സ്പീക്കറായി സുധീർ ചൗധരിയെയും ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ഷാർജ രാജകുമാരി ഷെയ്‌ഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം ട്വിറ്ററിൽ കഴിഞ്ഞദിവസം ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് ഇയാളെ പരിപാടിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ചൗധരിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ കാര്യം യു.എ.ഇ രാജകുമാരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സംഘടനയുടെ വരാനിരിക്കുന്ന പരിപാടിയിലേക്ക് ചൗധരിയെ സ്പീക്കറായി ക്ഷണിക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ അബുദബി ചാപ്റ്ററിലെ അംഗങ്ങളില്‍ നിന്നുള്ള പ്രതിഷേധ കുറിപ്പും രാജകുമാരി പങ്കുവച്ചു.

തീവ്രവാദിയും ഇസ്‌ലാമോഫോബികുമായ ഒരാളെ എന്തിനാണ് സമാധാന രാജ്യമായ യുഎഇയിലേക്ക് കൊണ്ടുവരുന്നതെന്ന് യുഎഇ രാജകുമാരി ചോദിച്ചിരുന്നു. സുധീര്‍ ചൗധരിയുടെ മുസ്‌ലിം വിരുദ്ധത എണ്ണിപ്പറഞ്ഞ് അവര്‍ നിരവധി കുറിപ്പുകളും ട്വീറ്റ് ചെയ്തിരുന്നു. മുസ്‌ലിങ്ങള്‍ക്കെതിരെ വിഷം തുപ്പിയ ആളാണ് സുധീര്‍ എന്നും മുസ്‌ലിങ്ങള്‍ക്കെതിരെ നിരവധി വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട ആളാണെന്നും അവര്‍ ട്വീറ്റുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

'ഒരു തീവ്രവാദിയായ കുറ്റവാളിയാണ് ഇയാൾ. ഇയാൾ സമൂഹത്തിലേക്ക് ചീറ്റുന്ന വിഷം ഒരു വിഭാഗത്തിനെതിരെയുള്ള ആക്രമണങ്ങൾക്കു കാരണമാവുന്നുണ്ട്. വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടാൻ കാരണമാവുന്നുണ്ട്. യുഎഇയിലേക്ക് ഇത്തരം വിഷങ്ങളെ സ്വാ​ഗതം ചെയ്യുന്നതിനെ ഞാൻ ശക്തമായി എതിർക്കുന്നു'- എന്നും അവർ ട്വീറ്റ് ചെയ്തിരുന്നു.

'ഞാൻ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും ജൂതരേയും മറ്റു സമുദായങ്ങളേയും വെറുക്കുന്നില്ല. എന്നാൽ ഞാൻ ഇസ്‌ലാമോഫോബിക്കുകളെ അകറ്റുകയും തടയുകയും ഒഴിവാക്കുകയും ചെയ്യും'- അവർ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. ഇതോടൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ അബുദബി ചാപ്റ്ററിലെ അംഗങ്ങൾ സ്ഥാപനത്തിന്റെ ചെയർമാന് വിയോജന കുറിപ്പും അയച്ചിരുന്നു. ചാപ്റ്ററിന്റെ വരാനിരിക്കുന്ന സെമിനാറില്‍ വിവാദ പത്രപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരിയെ സ്പീക്കര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തില്‍ നിരാശയും വിയോജിപ്പും പ്രകടിപ്പിക്കുന്നു എന്ന് അവർ കത്തിൽ വ്യക്തമാക്കിയിരുന്നു. കത്തില്‍ ഒപ്പിട്ടവര്‍ സീ ന്യൂസ് അവതാരകന്റെ ക്രിമിനല്‍ പ്രവര്‍ത്തികള്‍ അക്കമിട്ടു നിരത്തി. സുധീര്‍ ചൗധരി ഒരു പ്രമുഖ ടിവി വ്യക്തിത്വമാണെങ്കിലും അയാൾ പത്രപ്രവര്‍ത്തന ചട്ടങ്ങള്‍ക്ക് നിരക്കാത്ത ക്രിമിനല്‍ ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആളാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സുധീർ ചൗധരി വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുകയും പ്രചരിപ്പിക്കുകയും ഇസ്‌ലാമോഫോബിയയും വിദ്വേഷവും പരത്തുകയും ചെയ്യുന്ന ആളാണെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സഹിഷ്ണുതയ്ക്ക് പേരുകേട്ട യുഎഇയില്‍ അയാളെ പോലൊരു അസഹിഷ്ണുതാവാദിയെ ക്ഷണിച്ചുവരുത്തി ആ മഹത്തായ അന്തരീക്ഷത്തെ മലിനപ്പെടുത്തണോ എന്നും അവര്‍ ചോദിക്കുന്നു. അതുകൊണ്ട് അയാളെ പോലൊരാളെ ഈ പരിപാടിയില്‍ നിന്ന് ഒഴിവാക്കണം എന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

സുധീർ ചൗധരിയെ ഒഴിവാക്കിയ വാർത്ത ഇന്ത്യയിലും സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി.

Comments


Page 1 of 0