ഈയുഗം ന്യൂസ്
November  22, 2021   Monday   09:57:49am

news



whatsapp

ദോഹ: ലോകം കാൽപ്പന്തുകളിയുടെ മാമാങ്കത്തിനായി ഖത്തറിലേക്കെത്തുമ്പോൾ ബേപ്പൂരും കേരളത്തനിമയും കാഴ്ച്ചക്കാർക്കിടയിൽ തിളങ്ങി നിൽക്കും.

ഖത്തറികൾക്കും അറബികൾക്കും പ്രിയമേറിയ ഉരുവാണ് ലോകകപ്പ് ഫുട്ബോൾ വേദിയിലേക്ക് ബേപ്പൂരിൽ നിന്നും എത്തുന്നത്.

ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രദർശനങ്ങളിൽ ശ്രദ്ധ നേടാനാണു ബേപ്പൂരിന്റെ ഖ്യാതി ലോക നെറുകയിൽ എത്തിച്ച പൈതൃക ഉരു കേരളത്തിൽ തയാറാക്കുന്നത്. ഉരുവിൻ്റെ തറവാടായ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ചാലിയത്ത് നിന്നാണ് പൈതൃകവും കേരളത്തനിമയും ഊടും പാവുമായി നിർമിക്കുന്ന പണിത്തരം കടൽ കടക്കാനായൊരുങ്ങുന്നത്.

27 അടി നീളവും 7 അടി വീതിയും ആറടി ഉയരവുമുള്ള ഏഴു നൂറ്റാണ്ട് പഴക്കമുള്ള 'ഭഗല' ഉരുവാണ് നിർമാണം പുരോഗമിക്കുന്നത്. 800 വർഷങ്ങൾക്ക് മുൻപ് ആണികൾക്കു പകരം കയർ ഉപയോഗിച്ചു നിർമിച്ചിരുന്ന യാനമാണ് ‘ഭഗല’. ഇതിൻ്റെ മാതൃകയിലാണ് പ്രദർശനത്തിനുള്ള ഉരു പുനഃസൃഷ്ടിക്കുന്നത്.

നാടൻ തേക്കിൽ തീർത്ത ഈ ജലയാനത്തെ കൂട്ടിയിണക്കിയത് ചകിരിയും കയറും ഉപയോഗിച്ചാണെന്നതാണ് വലിയ പ്രത്യേകത. അയ്യായിരം തുളകളിൽ 2500-ലേറെ തുന്നിക്കെട്ടലുകളാണുള്ളത്. ആണിയോ നെട്ടോ ബോൾട്ടോ ഉപയോഗിക്കാതെ പരമ്പരാഗത രീതിയിലുള്ള കൈപ്പണിയിലാണ് ഉരു നിർമിക്കുന്നത്. 300 മീറ്റർ കയർ ഉപയോഗിച്ചാണ് തേക്ക് പലകകൾ കൂട്ടിയോജിപ്പിക്കുന്നത്.

നിലമ്പൂരിൽ നിന്നു പ്രത്യേകമായി എത്തിച്ച തേക്ക് ഉപയോഗിച്ചാണ് ആറു പേർക്ക് സഞ്ചരിക്കാവുന്ന ഉരു തയാറാക്കുന്നത്.

വർഷങ്ങളായി ഉരു നിർമാണ മേഖലയിൽ പേരുകേട്ട പി.ഐ. അഹമ്മദ് കോയ ആന്‍റ്‌ കമ്പനിയാണ് പുതിയ 'ഭഗല'യും നിർമ്മിക്കുന്നത്. വിത്യസ്ഥമാർന്ന ഇരുനൂറിലേറെ ഉരു നീറ്റിലിറിക്കിയ കുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ പി.ഒ.ഹാഷി മാണ് ഇപ്പോഴത്തെ ഈ കമ്പനിയുടെ ഉടമ.

പുതിയ കാലത്തെ ഒരു പരീക്ഷണമാണ് ഈ നിർമ്മാണമെന്നാണ് അദ്ദേഹം പറയുന്നത്. ലോക ശ്രദ്ധയാകർഷിക്കുന്ന ഖത്തറിലെ ലോകകപ്പിനു ഇത്തരമൊരു ഉരു നിർമിക്കാൻ അവസരം ലഭിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മേഖലയിൽ വലിയ പാരമ്പര്യമുള്ള ബേപ്പൂർ എടത്തുംപടിക്കൽ ഗോകുൽ മേസ്തിരിയുടെ നേതൃത്വത്തിൽ ഉരു വിദഗ്ദരും പൊന്നാനിക്കാരുമായ ഏഴ് തൊഴിലാളികളാണ് ഇതിന്റെ പണിപ്പുരയിലുള്ളത്. കയറിൽ കരവിരുത് തീർക്കുന്നത് സുകുമാരനാണ്. രണ്ടര മാസമായി ഓരോ തുളകളും തുന്നി ചേർക്കുകയാണിവർ. മൂന്ന് മാസം കൊണ്ട് രൂപാന്തരപ്പെട്ടു വന്ന ഉരു അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

മിനുക്കുപണികൾ കഴിയുന്നതോടെ യാത്ര പുറപ്പെടും. കണ്ടെയ്‌നറിലായിരിക്കും ഖത്തറിലേക്ക് കൊണ്ടു പോകുക. നീറ്റിലിറക്കി ആറ് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഉരു പ്രദർശനത്തിനായതുകൊണ്ടാണ് കണ്ടെയ്‌നറിൽ കൊണ്ടു പോകുന്നത്.

Comments


Page 1 of 0