// // // */ E-yugam


ഈയുഗം ന്യൂസ്
November  21, 2021   Sunday   04:47:13pm

news



whatsapp

ദോഹ: 2022-ലെ ഫുട്ബോൾ ലോകകപ്പിനുള്ള ഏഴാമത്തെ സ്റ്റേഡിയമായ റാസ് അബു അബൂദ് സ്റ്റേഡിയം ഇനി സ്റ്റേഡിയം 974 എന്ന പേരിൽ അറിയപ്പെടും.

സ്റ്റേഡിയത്തിലെ ആദ്യ മത്സരം നവംബർ 30-ന് ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന ദിനത്തിൽ യു.എ.ഇ.യും സിറിയയും തമ്മിൽ നടക്കും. ഖലീഫ ഇന്റർനാഷണൽ, അൽ ജനൂബ്, എജ്യുക്കേഷൻ സിറ്റി, അഹ്മദ് ബിൻ അലി, അൽ ബൈത്ത്, അൽ തുമാമ എന്നിവയാണ് നിർമാണം പൂർത്തിയാക്കിയ സ്റ്റേഡിയങ്ങൾ. അടുത്ത വർഷം നവംബർ 21 മുതലാണ് ഫിഫാ ലോകകപ്പ് ഖത്തറിൽ ആരംഭിക്കുന്നത്.

ദോഹ തുറമുഖത്തിന് സമീപം വെസ്റ്റ് ബേ സ്കൈലൈനിന് എതിർവശത്തുള്ള സ്റ്റേഡിയം ഷിപ്പിംഗ് കണ്ടെയ്‌നറുകളുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

ലോകകപ്പ് ചരിത്രത്തിൽ പൂർണമായി പൊളിച്ചുമാറ്റാൻ കഴിയുന്ന ആദ്യ സ്റ്റേഡിയമാണിതെന്നതാണ് ഇതിൻ്റെ പ്രത്യേകത. ലോകകപ്പിൻ്റെ പ്രീ ക്വാർട്ടർ ഘട്ടം വരെയുള്ള ഏഴ് മത്സരങ്ങൾക്കാണ് സ്റ്റേഡിയം ആതിഥ്യമരുളുന്നത്.

40,000 കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പിൻ്റെ ആദ്യ സെമിഫൈനൽ, ലൂസേഴ്സ് ഫൈനൽ ഉൾപ്പെടെ ആറ് മത്സരങ്ങൾ നടക്കും. ദോഹ മെട്രോയുടെ ഗോൾഡ് ലൈനിൽ റാസ് അബു അബൂദ് സ്റ്റേഷനിൽ നിന്ന് 800 മീറ്റർ ദൂരത്തിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.

സ്റ്റേഡിയം നിർമിക്കാനുപയോഗിച്ചിരിക്കുന്ന ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നതാണ് ഇതിന്റെ പുതിയ പേര്. കൂടാതെ ഖത്തറിന്റെ അന്താരാഷ്ട്ര ഡയലിംഗ് കോഡ് കൂടിയാണ് 974.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ അന്താരാഷ്ട്ര വിമാനത്താവളം, ഹമദ് തുറമുഖം എന്നിവയ്ക്ക് സമീപത്തായി നിലകൊള്ളുന്ന സ്റ്റേഡിയം ഖത്തറിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിലും ഈ പേരിനെ അന്വർഥമാക്കുന്നു.

സ്‌റ്റേഡിയം 974 പൂർത്തിയായതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. മിഡിൽ ഈസ്റ്റിൽ ആദ്യമായി വിരുന്നെത്തിയ ഫിഫ ലോകകപ്പിലേക്കുള്ള യാത്രയിലെ മറ്റൊരു നാഴികക്കല്ലാണിതെന്നും എസ്‌.സി. സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.

ഭാവിയിലെ മെഗാ ടൂർണമെൻറുകളുടെ നടത്തിപ്പിന് ഇത്തരം പുതിയ രീതിയിൽ നിർമിച്ച വേദികൾ വലിയ മാറ്റമായി കരുതുന്നു. ഭൂരിഭാഗവും റീസൈക്കിൾ ചെയ്ത സ്റ്റീൽ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. അതേസമയം പരമ്പരാഗത സ്റ്റേഡിയവുമായി താരതമ്യപ്പെടുത്തുമ്പോൾ ജല ഉപയോഗം 40 ശതമാനം കുറവ് മാത്രമാണ് ഈ സ്റ്റേഡിയത്തിന് ആവശ്യം.

Comments


Page 1 of 0