// // // */ E-yugam


ഈയുഗം ന്യൂസ്
October  25, 2021   Monday   02:26:15pm

news



whatsapp

ദോഹ: സൗദി അറേബ്യയിലേക്കുള്ള ഉംറ യാത്രകള്‍ നടത്താന്‍ 11 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയം അനുമതി നല്‍കി. 11 അംഗീകൃത ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയും അവരുടെ ബന്ധപ്പെടാനുള്ള വിവരങ്ങളും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് വഖഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ഹജ്ജ്-ഉംറ വിഭാഗം മേധാവി അലി സുല്‍ത്താന്‍ അല്‍ മിസിഫിരി പറഞ്ഞു.

ഉംറ നിര്‍വഹിക്കാന്‍ പോകുന്ന തീര്‍ത്ഥാടകര്‍ പാലിക്കേണ്ട നിബന്ധനകളും ഖത്തർ ടി.വി. പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം വിശദമാക്കി. ആദ്യം തീര്‍ത്ഥാടകന്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഉംറ നിര്‍വഹിക്കുന്നതിനും അഞ്ച് സമയം നിസ്‌കരിക്കുന്നതിനും ഇലക്ട്രോണിക് പെര്‍മിറ്റ് നേടണം. ഇതിന് 'തവക്കല്‍ന', 'ഇറ്റ്മര്‍ന' ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

പോര്‍ട്ടല്‍, ആപ്പുകള്‍ എന്നിവയില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നം നേരിട്ടാല്‍ തീര്‍ത്ഥാടകര്‍ ഇ-ബ്രേസ്‌ലെറ്റ് കരസ്ഥമാക്കാന്‍ സൗദി അറേബ്യയിലെ എനയ ഓഫീസിലെത്തണം. ഉംറ തീര്‍ഥാടനത്തിനുള്ള അനുമതിയും മസ്ജിദ് അല്‍ ഹറമില്‍ അഞ്ച് നേരം പ്രാര്‍ഥനയ്ക്കും ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഖത്തറിലെ പൗരന്മാരും പ്രവാസികളും ഈ നടപടികള്‍ പാലിച്ച് വേണം ഉംറക്ക് പോവാന്‍. എന്നാലും, അംഗീകൃത ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി മാത്രമേ പ്രവാസികള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ പോകാന്‍ സാധിക്കുകകയുള്ളൂ.

ഇതിനായി സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രാലയവും ഖത്തറിലെ വഖഫ് ഇസ്ലാമിക കാര്യ മന്ത്രാലയവും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കും. കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് മനസിലാക്കുന്നതിനായി ഖത്തറിലെ ഒരു പ്രതിനിധി സംഘം അടുത്തിടെ സൗദി സന്ദര്‍ശിച്ചിരുന്നു. ഉംറക്കായി തീര്‍ത്ഥാടകന്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഖത്തറിലെ എഹ്‌തെറാസ് ആപ്പിന് സമാനമാണ് സൗദിയിലെ തവക്കല്‍ന ആപ്പ്.

ഇതില്‍ ഒരു തീര്‍ഥാടകന്റെ ആരോഗ്യ സ്ഥിതിയുടെ വിശദാശംങ്ങള്‍ ലഭ്യമാണ്. തീര്‍ഥാടകര്‍ക്ക് മസ്ജിദില്‍ ഹറമിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും സഞ്ചരിക്കുന്നതിനും ഇത് സഹായിക്കും. ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി 132 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലൂടെ ഹജ്ജ്-ഉംറ വകുപ്പുമായി ബന്ധപ്പെടാമെന്നും അല്‍ മിസിഫിരി പറഞ്ഞു.

തയ്ബ, അന്‍സാര്‍, ബിന്‍ ദര്‍വീഷ്, അല്‍ ഫുര്‍ഖാന്‍, അൽ ഖുദ്‌സ്, നൊസൂക്ക്, ലബ്ബായിക്ക്, ഡോറത്ത് മക്ക, ഹാത്തീം, അല്‍നൂര്‍, അല്‍ ഹമാദി എന്നിവയാണ് ഹജ്ജിനും ഉംറയ്ക്കുമായി ഖത്തര്‍ വഖഫ് മന്ത്രാലയം അനുമതി നല്‍കിയ അംഗീകൃത ഓപ്പറേറ്റര്‍മാര്‍.

Comments


Page 1 of 0