ഈയുഗം ന്യൂസ്
October  23, 2021   Saturday   11:27:46am

newswhatsapp

ദോഹ: ലോക കപ്പ് വിസ്മയമായ അൽ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അമീർ കപ്പ് ഫൈനൽ മത്സരവും കാണാൻ ഇന്നലെ രാത്രി ഒഴുകിയെത്തിയത് 40,000 ഫുട്ബോൾ പ്രേമികൾ.

ഉച്ച മുതൽ സ്റ്റേഡിയത്തിൽ ആരാധകർ എത്തിത്തുടങ്ങി. കോവിഡ് ഇളവുകളുടെ നാലാം ഘട്ടം പ്രഖ്യാപിച്ചതിന്റെ ശേഷം നടന്ന ഉദ്ഘാടനം ഖത്തർ ശരിക്കും ആഘോഷമാക്കി മാറ്റി.

ഒരു ഖത്തറി ആർക്കിടെക്ട് ഡിസൈൻ ചെയ്ത ഒരേ ഒരു വേൾഡ് കപ്പ് സ്റ്റേഡിയം ആണ് അൽ തുമാമ സ്റ്റേഡിയം. തൊപ്പിയുടെ ആകൃതിയിലുള്ള സ്റ്റേഡിയം ഇബ്രാഹിം എം ജൈദയാണ് ഡിസൈൻ ചെയ്തത്.

കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളോട് കൂടിയ ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന ആവേശം അണമുറിയാത്ത അവസാന പോരാട്ടത്തിൽ അൽ റയ്യാനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5-4ന് പരാജയപ്പെടുത്തി അൽ സദ്ദ് അമീർ കപ്പ് സ്വന്തമാക്കി. മുഴുവൻ സമയത്തും 1-1 സമനില പാലിച്ച മത്സരമാണ് പെനാൽറ്റിയിലേക്ക് നീങ്ങിയത്.

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ചാമ്പ്യൻമാർക്ക് കപ്പ് കൈമാറി. അമീറിന്റെ പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി, നിരവധി മന്ത്രിമാർ എന്നിവർക്കൊപ്പമാണ് അമീർ സ്റ്റേഡിയത്തിലേക്കെത്തിയത്.

നിലവിലെ ജേതാക്കളെ ഞെട്ടിച്ച് 44 -ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യാസിൻ ബ്രാഹിമിയാണ് അൽ റയാനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ 58-മത്തെ മിനുറ്റിൽ അൽ സദ്ദിന്റെ സാൻ്റി കാസ്റോള പെനാൽറ്റിയിലൂടെ സമനില നേടി. മുഴുവൻ സമയത്തും ഇരു ടീമും ടൈ ബ്രേക്കർ ഗോളടിക്കാതെ വന്നതോടെയാണ് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് മത്സരം എത്തിയത്.

വൂ-യങ് ജംഗ് ആണ് അൽ സദിന്റെ വിജയ ഗോൾ നേടിയത്. അതിന് മുമ്പ് ഷോജ ഖലീൽസാദെ എടുത്ത അൽ റയാന്റെ അവസാന കിക്ക് അൽ സാദ് ഗോൾകീപ്പർ സാദ് അൽ ഷീബ് തടഞ്ഞിട്ടു.

ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന ഉദ്ഘാടന ചടങ്ങിൽ സ്‌കൂൾ കുട്ടികളും പങ്കെടുത്തു.

Comments


Page 1 of 0