ഈയുഗം ന്യൂസ്
October  22, 2021   Friday   02:21:51pm

newswhatsapp

ദോഹ: ആറു മാസത്തിനുള്ളിൽ പുതിയ ആരോഗ്യ ഇൻഷുറൻസ് നിയമം പ്രാബല്ല്യത്തിൽ വരുമെന്നും, അതിനുള്ളിൽ എല്ലാ താമസക്കാരും ആരോഗ്യ ഇൻഷുറൻസ്​ ഉറപ്പാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രിയുടെ ഉപദേശകൻ ഖാലിദി അൽ മൊഗൈസീബ് പറഞ്ഞു.

അടിസ്ഥാന ഇൻഷുറൻസ് പദ്ധതി എല്ലാവർക്കും തുല്യമായിരിക്കുമെന്നും മൊഗാസീബ് ഖത്തർ ടി.വി ചാനലിനോട് പറഞ്ഞു. ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇൻഷുറൻസ് നൽകേണ്ട ഉത്തരവാദിത്വം കമ്പനികൾക്കായിരിക്കും.

രാജ്യത്തെ മുഴുവൻ പ്രവാസികൾക്കും സ​ന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാക്കിയുള്ള നിയമം രണ്ടു ദിവസം മുമ്പ് അമീർ പുറപ്പെടുവിച്ചിരുന്നു.

എല്ലാവർക്കും ഏറ്റവും വേഗത്തിൽ ആരോഗ്യ സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നിയമം.

ആരോഗ്യ സേവനങ്ങൾക്കുള്ള ധനസഹായ സ്രോതസുകളിൽ ഒന്നാണ് ആരോഗ്യ ഇൻഷുറൻസെന്നും അത് പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തിലൂടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൊതുജനാരോഗ്യ മേഖല കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിൻെറ ഭാഗമായാണ്​ നടപടി.

അതേ സമയം ഖത്തർ പൗരന്മാർക്ക് ആരോഗ്യ സേവനങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ് നിർബന്ധമല്ലെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസാലമണി പറഞ്ഞു.

ഖത്തർ പൗരന്മാർക്കൊപ്പം രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കും ഉചിതമായ സ്ഥലത്ത് ശരിയായ ചികിത്സ ഉറപ്പാക്കുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യമാക്കുന്നത്.

രാജ്യത്തെ മുഴുവൻ വിദേശികൾക്കും സന്ദർശക വിസയിലെത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാക്കുന്നതോടെ ഒരു രോഗിക്ക് ശരിയായ സ്ഥലത്ത് ഉചിതമായ ചികിത്സ ലഭിക്കും.

ഇൻഷൂറൻസ് എടുക്കുന്നവർ ആരോഗ്യ ഗ്രൂപ്പുകളായി വിഭജിക്കപ്പെടുന്നതോടെ അടിയന്തര ഘട്ടങ്ങളിൽ രോഗിക്ക് പെട്ടെന്ന് തന്നെ വിദഗ്ദ ഡോക്ടർമാരെ ചികത്സയ്ക്കായി സമീപിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments


Page 1 of 0