ഈയുഗം ന്യൂസ്
October  21, 2021   Thursday   04:40:35pm

newswhatsapp

ദോഹ: കായിക യുവജന മന്ത്രാലയത്തിലെ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ നടത്തുന്ന ഖത്തർ ഈസ്റ്റ്-ടു-വെസ്റ്റ് അൾട്രാ റൺ-2021 ഡിസംബർ പത്തിനു നടക്കും. 90 കിലോമീറ്റർ മാരത്തോൺ ഓട്ടമത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

16 മണിക്കൂർ നീളുന്ന ഓട്ടമത്സരം ഷെറാട്ടൺ പാർക്കിൽ നിന്ന് തുടങ്ങി ദുഖാൻ ബീച്ചിൽ അവസാനിക്കും. ഈ വർഷം പ്രൊഫഷണൽ, അമേച്വർ ഓട്ടക്കാരുൾപ്പടെ അഞ്ഞൂറിൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മത്സരിക്കാനെത്തുന്നവർ പൂർണ ആരോഗ്യവും ഓട്ടം പൂർത്തിയാക്കാനുളള ശാരീരിക ക്ഷമത ഉള്ളവരുമായിരിക്കണമെന്ന് സംഘാടക സമിതി ചെയർമാൻ അബ്ദുള്ള അൽ ദോസരി പത്രസമ്മേളനത്തിൽ അറിയിച്ചു.

മാരത്തണിനുള്ള രജിസ്ട്രേഷൻ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനിലൂടെയാണ് നടത്തേണ്ടത്. ഒറ്റക്കോ പരമാവധി ആറു പേരുള്ള ഒരു സംഘമായോ രജിസ്റ്റർ ചെയ്യാം. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് സമ്മാനമുണ്ടായിരിക്കും.

ഷെറാട്ടൺ പാർക്കിൽ നിന്ന് ദുഖാൻ ബീച്ചിലേക്ക് നടത്തുന്ന മാരത്തോണിൽ പങ്കെടുക്കുന്നവർക്ക് വിശ്രമിക്കാനും ഭക്ഷണവും വെള്ളവും നൽകാനുമായി ട്രാക്കിൽ അഞ്ചിടങ്ങളിലായി സ്റ്റോപ്പുകൾ ഉണ്ടാവും. രാവിലെ 4.30 മുതൽ രാത്രി 8.30 വരെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവരെ പരിചരിക്കാൻ ഡോക്ടർമാരും സഹായത്തിനായി ആംബുലൻസ്, പോലീസ് വാഹനങ്ങൾ എന്നിവ ഏർപ്പെടുത്തും.

കഴിഞ്ഞ വർഷത്തെ ഖത്തർ ഈസ്റ്റ്-ടു-വെസ്റ്റ് മത്സരത്തിൽ 44 രാജ്യങ്ങളിൽ നിന്നായി 425 പേരാണ് പങ്കെടുത്തത്.

Comments


Page 1 of 0