ഈയുഗം ന്യൂസ്
October  10, 2021   Sunday   07:22:41pm

newswhatsapp

ദോഹ: ഖത്തര്‍ ആദ്യമായി വേദിയാവുന്ന ഖത്തര്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തിന്റെ ടിക്കറ്റുകളുടെ വില്‍പ്പന 12 (ചൊവ്വാഴ്ച) മുതല്‍ മുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കും.

നവംബര്‍ 19 മുതല്‍ 21 വരെ നടക്കുന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയാണ് 12-ന് ഓണ്‍ലൈനില്‍ തുടങ്ങുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന ചില ടിക്കറ്റുകള്‍ക്ക് ഡിസ്‌കൗണ്ട്, റിവാര്‍ഡ് എന്നിവ ലഭിക്കുമെന്ന് സംഘാടകരായ ലോസൈല്‍ സര്‍ക്യൂട്ട് സ്‌പോര്‍ട്‌സ് ക്ലബ് (എല്‍.സി.എസ്.സി.) പ്രഖ്യാപിച്ചു.

ലോസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിന് 1,000, 2,000 ഖത്തര്‍ റിയാലാണ് ടിക്കറ്റ് നിരക്ക്. നേരത്തെ ബുക്ക് ചെയ്യുന്ന ചില ടിക്കറ്റുകള്‍ 750 റിയാല്‍ നിരക്കില്‍ ലഭിക്കും. ലോസെയ്ല്‍ വി.ഐ.പി. ക്ലബ് ടിക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വഴിയേ പ്രഖ്യാപിക്കുമെന്ന് എല്‍.സി.എസ്.സി. പറഞ്ഞു. ആരാധകര്‍ക്ക് www.lcsc.qa, എല്‍.സി.എസ്.സി. ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

ലോസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ പിറ്റ് ബോക്‌സുകള്‍ക്ക് അഭിമുഖമായാണ് ആരാധകര്‍ക്ക് മത്സരം കാണുന്നതിനുള്ള സ്ഥലം സ്ഥിതി ചെയ്യന്നത്. സോണ്‍ എ-സെട്രല്‍ സോണ്‍, സോണ്‍ ബി-നോര്‍ത്ത് സോണ്‍, സോണ്‍ സി-സൗത്ത് സോണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ഇതിനെ തിരിച്ചിരിക്കുന്നു.

സോണ്‍ എ മൂന്നു ദിവസത്തെ ടിക്കറ്റുകള്‍ 2,000 റിയാലും സോണ്‍ ബി, സോണ്‍ സി ടിക്കറ്റുകള്‍ മൂന്ന് ദിവസത്തേക്ക് 1,000 റിയാലുമായിരിക്കും. സര്‍ക്യൂട്ടിന്റെ പ്രധാന സ്ഥലങ്ങളിലൊന്നായ ലോസൈല്‍ ക്ലബ് ഗ്രാന്‍ഡ് സ്റ്റാന്‍ഡിനുള്ള ടിക്കറ്റിന് 2,000 റിയാലാണ്.

ടിക്കറ്റെടുക്കുന്ന ആരാധകര്‍ക്ക് മത്സരത്തിന്റെ തുടക്കം മുതല്‍ സമ്മാനദാനച്ചടങ്ങ് വരെ കാണാം. ഫാന്‍ സോണ്‍, ഫുഡ് കോര്‍ട്ട്, എഫ് വണ്ണുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, വലിയ സ്‌ക്രീനുകള്‍ എന്നിവയിലേക്കും ടിക്കറ്റുകാര്‍ക്ക് പ്രവേശനമുണ്ടായിരിക്കും.

ടിക്കറ്റെടുക്കുന്നവര്‍ക്ക് സൗജന്യമായി ലുസൈല്‍ മെട്രോ സ്റ്റേഷനും ലോസെയ്ല്‍ സര്‍ക്യൂട്ട് സ്‌പോര്‍ട്‌സ് ക്ലബിനുമുടയില്‍ ഷട്ടില്‍ ടാക്‌സി സര്‍വീസ്, സൗജന്യ പാര്‍ക്കിങ് എന്നിവ മൂന്ന് ദിവസങ്ങളിലും ലഭ്യമാണ്. 12 വയസില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പടെയുള്ള രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് മത്സരം വീക്ഷിക്കാന്‍ അവസരമുണ്ടായിരിക്കുക. കൂടുതല്‍ വിവരങ്ങള്‍ ww.lcsc.qa ല്‍ ലഭിക്കും.

Comments


Page 1 of 0