// // // */
ഈയുഗം ന്യൂസ്
October 04, 2021 Monday 02:28:49pm
ദോഹ: ഖത്തർ മലയാളി സമാജം റേഡിയോ മലയാളം 98.6 എഫ് എമ്മും ഡി എം ഇമ്മിഗ്രേഷൻ കൺസൾട്ട്ന്റ്സുമായി ചേർന്ന് പൊന്നോണം 2021 ഒക്ടോബർ ഒന്നിന് ഐ സി സി അശോക ഹാളിൽ വെച്ച് വിപുലമായി ആഘോഷിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ വിശിഷ്ടാഥിതികളായ ഐ സി സി പ്രസിഡന്റ് പി. എൻ ബാബുരാജ്, മുൻ ഐ സി സി പ്രസിഡന്റ്, എ. പി മണികണ്ഠൻ, മുൻ ഐ സി സി ഹെഡ് ഓഫ് പ്രിമൈസെസ്, അഡ്വ: ജാഫർ ഖാൻ, റേഡിയോ മലയാളം 98.6 FM മാർക്കറ്റിങ് ഹെഡ് നൗഫൽ, ഡിഎം കൺസൾട്ടൻറ് കൺട്രി ഹെഡ്, റോണൽ, വിവിൻ ശർമ, മലയാളി സമാജം പ്രസിഡന്റ് ആനന്ദ് നായർ, സെക്രട്ടറി പ്രേംജിത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
സമാജം പ്രസിഡന്റ് ആനന്ദ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ വീണ ബിധു, ചെയർ പേഴ്സൺ ലത ആനന്ദ് നായർ, ഓണം 2021 കൺവീനർ റിയാസ് അഹമ്മദ്, റേഡിയോ ആർ ജെ മാരായ രതീഷ്, ജിബിൻ, വിശിഷ്ടാഥിതികൾ എന്നിവർ സംസാരിച്ചു.
ഹിബ ഷംനയുടെ ഓണപാട്ടോടെ ആരംഭിച്ച കലാപരിപാടികളിൽ കലാകൈരളി ടീമിന്റെ തിരുവാതിരയും റിഥമിക് ഈഗിൾസിന്റെ ഫ്യൂഷൻ ഡാൻസും വസന്തൻ പൊന്നാനി- നജീബ് കീഴരിയൂർ ടീമിന്റെ മിമിക്രയും നവമി സുരേഷ് ടീമിന്റെ നാടൻ പാട്ടും അരങ്ങേറി.
കാവേരിയും നയനേന്തുവും ചേർന്ന് അവതരിപ്പിച്ചസ്വാതി തിരുനാൾ കൃതിയുടെ നൃത്താവിഷ്കാരവും കുട്ടികളുടെ വിവിധ നൃത്തങ്ങളും സമാജം അംഗങ്ങളായ ബിനു, സുധീഷ്, ചെറിയാൻ, വിവിൻ തുടങ്ങിയവർ ഗാനങ്ങളും ആലപിച്ചു.
ഖത്തറിലെ പ്രശസ്ത അവതാരകാരായ അരുൺ പിള്ളയും മഞ്ജു മനോജും ചേർന്ന് പരിപാടികൾ നിയന്ത്രിച്ച പോന്നോണം 2021 ൽ ഫൈസൽ പുളിക്കൽ മാവേലിയായി.
കോവിഡ് മൂലം വീടിനുള്ളിലേക്ക് ഒതുങ്ങിയിരുന്ന എല്ലാവർക്കും ഒരു പുത്തനുണർവാണ് സമാജം ഓണാഘോഷം നൽകിയത്. വൻ ആവേശത്തോടെയാണ് അംഗങ്ങൾ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത്. സമാജം അംഗങ്ങൾ തന്നെ പാചകം ചെയ്ത ഓണസദ്യ 1,000 ഗാർഹിക തോഴിലാളികൾക്ക് വിതരണം ചെയ്തു. രാവിലെ 9 മണിക്ക് ആരംഭിച്ച് 12 മണിക്കുള്ളിൽ വിതരണം അവസാനിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 24 ന് ബർവാ വില്ലേജിലെ വേമ്പനാട് റെസ്റ്ററന്റിൽ വെച്ച് സംഘടിപ്പിച്ച പായസ മത്സരത്തിൽ രാജീവ് ആനന്ദ് ഒന്നാം സ്ഥാനവും ദാസ് - വിഷ്ണു കൂട്ടുകെട്ട് രണ്ടാം സ്ഥാനവും, ഷീബ ചെറിയാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം വിധികർത്താക്കളായിരുന്ന നസീഹ മജീദും ജിഷ്മ ഷാഹുലും ചേർന്ന് നിർവഹിച്ചു. തുടർന്ന് ഓണസദ്യയും ഓൺലൈൻ മത്സരങ്ങളുടെ വിധി പ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.