ഈയുഗം ന്യൂസ്
September  11, 2021   Saturday   07:14:34pm

newswhatsapp

ദോഹ: ഇരുപത് പേരുടെ മരണത്തിനിടയാക്കിയ കോഴിക്കോട് വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിന് നടന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനാപകടത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. നിരവധി മാസങ്ങൾക്ക് ശേഷം മന്ത്രാലയം ഇന്ന് റിപ്പോർട്ട് പുറത്തുവിട്ടു.

ലാൻഡിംഗ് സമയത്തുള്ള സാധാരണ നടപടിക്രമങ്ങൾ പൈലറ്റ് പിന്തുടരാതിരുന്നതാണ് അപകട കാരണം. അതേസമയം മറ്റു ഘടകങ്ങളുടെ സ്വാധീനവും തള്ളിക്കളയാൻ സാധിക്കില്ലെന്ന് 257 പേജുള്ള റിപ്പോർട്ട് പറയുന്നു.

"അനിയന്ത്രിതമായ ഒരു ലാൻഡിംഗ് സമീപനമാണ് പൈലറ്റ് സ്വീകരിച്ചത്. ടച്ച് ഡൌൺ സ്ഥലത്തു നിന്നും മാറി റൺവേയുടെ ഏകദേശം മധ്യഭാഗത്താണ് വിമാനം ലാൻഡ് ചെയ്തത്. തുടർന്ന് നിയന്ത്രണം നഷ്ട്ടപെട്ട വിമാനം റൺവെ മറികടന്ന് താഴേക്ക് പതിച്ചു," റിപ്പോർട്ട് പറയുന്നു.

കാലാവസ്ഥ മോശമായതിനാൽ പല പ്രാവശ്യം കറങ്ങിയ വിമാനം പല ശ്രമങ്ങൾ നടത്തി അവസാന ശ്രമത്തിലാണ് അപകടം സംഭവിച്ചത്.

അതേസമയം അവസാനം ലാൻഡ് ചെയ്യുന്നതിന്റെ മുമ്പും വിമാനം ഇറക്കരുതെന്ന് നിർദേശം ലഭിച്ചിരുന്നതായും ചുറ്റിക്കറങ്ങണമെന്ന് എയർ ട്രാഫിക് കണ്ട്രോൾ നിര്ദേശിച്ചിരുന്നതായും വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ദുബായിൽ നിന്ന് വന്ന വിമാനത്തിൽ 190 യാത്രക്കാരുണ്ടായിരുന്നു. രണ്ട് പൈലറ്റ്മാരടക്കം ഇരുപതു പേർ മരിക്കുകയും നിരവധി പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു.

Comments


Page 1 of 0