// // // */
ഈയുഗം ന്യൂസ്
August 13, 2021 Friday 01:59:05pm
മലപ്പുറം: ഖത്തറിലെ പ്രവാസി മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഭാരവാഹികൾ മലപ്പുറം ജില്ലാ കലക്ടർ പി ഗോപാലകൃഷ്ണൻ ഐ.എ.എസ് മായി കൂടിക്കാഴ്ച നടത്തി.
പ്രവാസികളുടെ പ്രധാനപ്പെട്ട വിഷയങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞെന്ന് യോഗത്തിൽ പങ്കെടുത്ത ഖത്തർ പ്രസിഡണ്ട് വി സി മശ്ഹൂദ് തിരുത്തിയാട്, ഡോം ഖത്തർ രക്ഷാധികാരി അച്ചു ഉള്ളാട്ടിൽ എന്നിവർ പറഞ്ഞു. പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളോട് അനുഭാവപൂർണമായ പ്രതികരണമാണ് ജില്ലാ കലക്ടർ പ്രകടിപ്പിച്ചത്.
പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം പ്രസിഡണ്ട് വി സി മശ്ഹൂദ് ജില്ലാ കലക്ടർക്ക് കൈമാറി. ഡോം ഖത്തർ സ്നേഹോപഹാരം ഡോം ഖത്തർ രക്ഷാധികാരി അച്ചു ഉള്ളാട്ടിൽ കലക്ടർക്ക് സമർപ്പിച്ചു.
നാട്ടിലുള്ള പ്രവാസികൾ ഉൾപ്പെടുന്ന മലപ്പുറം ജില്ലക്കാർ അനുഭവിക്കുന്ന വാക്സിനേഷൻ ലഭ്യതക്കുറവ്, ജോലി നഷ്ടപ്പെട്ടു പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തുന്ന വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ പുനരധിവാസം, തൊഴിൽ മേഖലയും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള പ്രവാസികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പോർട്ടൽ, മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്ലസ് ടു സീറ്റ് ലഭ്യതക്കുറവ് പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
ഇതോടനുബന്ധിച്ച് തുടർ പ്രവർത്തനങ്ങളും ചർച്ചകളും സംഘടിപ്പിക്കാം എന്നും തീരുമാനിച്ചു.