ഈയുഗം ന്യൂസ്
July  29, 2021   Thursday   08:25:33pm

newswhatsapp

ദോഹ: രാജ്യത്ത് ആദ്യമായി നടക്കാന്‍ പോകുന്ന ഖത്തര്‍ പാര്‍ലിമെന്റിലേക്കുള്ള (ശൂറ കൗണ്‍സില്‍) തിരഞ്ഞെടുപ്പിന്റെ ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന നിയമം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകരിച്ചു.

45 അംഗ ശൂറ കൗണ്‍സിലില്‍ 30 അംഗങ്ങളെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. ശേഷിക്കുന്ന 15 പേരെ അമീര്‍ നാമനിര്‍ദേശം ചെയ്യും. 30 പേര്‍ക്കായി 30 നിയോജകമണ്ഡലങ്ങളുണ്ടാകും. ശൂറാ കൗണ്‍സിലിന്റെ ഇലക്ട്രല്‍ ഡിസ്ട്രിക്റ്റുകളും അവ ഉള്‍കൊള്ളുന്ന മേഖലകളും നിശ്ചയിച്ചു.

18 വയസിനു മുകളിലുള്ള പൗരന്‍മാര്‍ക്ക് വോട്ടവകാശമുണ്ടായിരിക്കുമെന്ന് നിയമത്തില്‍ പറയുന്നു. എന്നാല്‍ അപ്പൂപ്പന്‍ രാജ്യത്ത് ജനിച്ചവരായിരിക്കണം വോട്ടര്‍മാര്‍ എന്ന നിബന്ധനയുമുണ്ട്. സ്വന്തം കുടുംബമോ ഗോത്രമോ വസിക്കുന്ന മേഖലയിലായിരിക്കും വോട്ട്.

സ്ഥാനാര്‍ഥികള്‍ അടിസ്ഥാന ഖത്തരി പൗരന്‍മാരും 30 വയസ് തികഞ്ഞവരുമായിരിക്കണം. ക്രിമിനല്‍ കേസിള്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വോട്ടവകാശമുണ്ടാകില്ല.

മന്ത്രിസഭയിലെ അംഗങ്ങള്‍, നീതിന്യായ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, സൈനികര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ മെമ്പര്‍മാര്‍ എന്നിവര്‍ക്ക് മത്സരിക്കാന്‍ അവകാശമില്ല.

തിരഞ്ഞെടുപ്പു പ്രചാരണത്തിന് 20 ലക്ഷം റിയാലിൽ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും അമീര്‍ അംഗീകരിച്ച നിയമത്തില്‍ നിര്‍ദേശിക്കുന്നു. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത്.

Comments


Page 1 of 0