ഈയുഗം ന്യൂസ്
July  21, 2021   Wednesday   07:06:03pm

newswhatsapp

ദോഹ: ഖത്തര്‍ ലോകകപ്പിനുവേണ്ടി റാസ് അല്‍ അബൂദില്‍ നിർമിക്കുന്ന സ്റ്റേഡിയം ലോകചരിത്രത്തില്‍ ഇടംപിടിക്കുക അതിന്റെ അഴിച്ചു മാറ്റാവുന്ന സവിശേഷതയില്‍.

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സ്റ്റേഡിയം നിര്‍മിക്കുന്നത്.

രൂപകല്പനയിലും സ്റ്റേഡിയം സ്ഥാപിച്ച പ്രദേശത്തിനും സവിശേഷതകളുണ്ട്. ശാന്തമായ കടല്‍തീരത്ത് തിരമാലകളുടെ ഒച്ച മാത്രം കേട്ടിരുന്ന സ്ഥലത്താണ് ഫുട്‌ബോള്‍ ആരവങ്ങളുയരുന്ന സ്‌റ്റേഡിയം ഉയര്‍ന്നിരിക്കുന്നത്. 40,000 കാണികളെ ഉള്‍കൊള്ളാനുള്ള ശേഷിയാണ് സ്‌റ്റേഡിയത്തിനുള്ളത്.

ദോഹ തുറമുഖത്ത് സൂക്ഷിക്കുന്ന 974 കണ്ടെയ്‌നറുകള്‍ പ്രതീകാത്മകമായി സ്ഥാപിച്ചുകൊണ്ട് രൂപകല്പന ചെയ്തതാണ് സ്റ്റേഡിയം.

ഖത്തറിന്റെ വ്യാവസായിക സുസ്ഥിരതയെ സൂചിപ്പിച്ച് കണ്ടെയ്‌നര്‍ മാതൃകകളും രാജ്യത്തിന്റെ മേല്‍വിലാസം ഓര്‍മപ്പെടുത്തി കണ്‍ട്രി കോഡായ 974ഉം തിരഞ്ഞെടുത്തു. ഉപയോഗിച്ച സ്റ്റീലുകള്‍ പുനരുപയോഗവിധേയമാക്കിയാണ് കണ്ടെയ്‌നറുകള്‍ നിര്‍മിച്ചത്. ലോകകപ്പിലെ ക്വാര്‍ട്ടര്‍ഫൈനല്‍ വരെയുള്ള ഏഴു മത്സരങ്ങളാണ് ഈ സ്റ്റേഡിയത്തില്‍ നടക്കുക.

ലോകകപ്പ് മത്സരം കഴിഞ്ഞാല്‍ സ്റ്റേഡിയത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം അഴിച്ചെടുത്ത് രാജ്യത്തിനകത്തും പുറത്തുമായി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. സീറ്റുകള്‍ ഉള്‍പെടെ പുനരുപയോഗം സാധിക്കും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് മേളകള്‍ക്കും അല്ലാത്ത പരിപാടികള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും.

പൊളിച്ചു മാറ്റുന്ന സ്റ്റേഡിയം മറ്റു രാജ്യങ്ങളില്‍ കൊണ്ടുപോയി സ്‌റ്റേഡിയം നിര്‍മിക്കാനുപയോഗിക്കാമെന്നും 40,000 സീറ്റുകളുള്ള ഒരു സ്‌റ്റേഡിയമോ 20,000 വീതം സീറ്റുകളുള്ള രണ്ടു സ്‌റ്റേഡിയമോ നിര്‍മിക്കാമെന്ന് റാസ് അല്‍ അബൂദ് സ്‌റ്റേഡിയം പ്രൊജക്ട് മാനേജര്‍ മുഹമ്മദ് അല്‍ അതുവാന്‍ പറഞ്ഞു.

സ്‌റ്റേഡിയം സൗകര്യങ്ങള്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് സ്‌റ്റേഡിയം ഘടകങ്ങള്‍ സംഭാവന ചെയ്യാം. ഇതാണ് ഈ സ്‌റ്റേഡിയത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0