ഈയുഗം ന്യൂസ്
July  21, 2021   Wednesday   12:29:54pm

newswhatsapp

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ അഞ്ചാം സീരീസിലെ ചില നോട്ടുകള്‍ക്കിടയിലെ സാമ്യത ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി. പുതിയ സീരീസിലുള്ള നോട്ടുകളില്‍ 10, 100 റിയാല്‍ നോട്ടുകള്‍ തമ്മില്‍ നല്ല സാദൃശ്യമുണ്ടെന്നും സൂക്ഷിച്ചില്ലെങ്കില്‍ മാറിപ്പോകാന്‍ സാധ്യതയുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. നീല നിറത്തിലുള്ളതാണ് ഈ നോട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് രാജ്യത്തിന്റെ ദേശീയ ദിനത്തിലാണ് സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. പിന്നീടുള്ള ചില മാസങ്ങളില്‍ പഴയ നോട്ടുകളാണ് കൂടുതല്‍ ഉപയോഗിച്ചിരുന്നത്.

നാലാം സീരീസിലുള്ള പഴയ നോട്ടുകള്‍ ജൂലൈ ഒന്ന് വരെ ഉപയോഗിക്കാമെന്ന് സെന്‍ട്രല്‍ ബാങ്ക് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ വര്‍ഷം അവസാനം വരെ പഴയ നോട്ടുകള്‍ക്ക് നിയമസാധുത ഉണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു. പുതിയ 50 റിയാല്‍, 500 റിയാല്‍ നോട്ടുകള്‍ തമ്മിലും സാദൃശ്യമുണ്ട്.

ലുസൈല്‍ സ്റ്റേഡിയം, ടോര്‍ച് ടവര്‍, സിദ്‌റ മെഡിസിന്‍, എജുക്കേഷന്‍സിറ്റി എന്നിവയുടെ ചിത്രങ്ങളാണ് പത്തുറിയാല്‍ നോട്ടില്‍ നല്‍കിയിരിക്കുന്നത്. അബു അല്‍ ഖുബൈബ് പള്ളിയാണ് 100 റിയാല്‍ നോട്ടില്‍ നല്‍കിയിരിക്കുന്നത്.

ഒരിക്കല്‍ ഒരു കസ്റ്റമര്‍ ഇരുപത് റിയാലില്‍ താഴെയുള്ള ബില്ലിന് 117 റിയാല്‍ തന്നതായി ദോഹയിലെ ഒരു റസ്‌റ്റോറന്റ് ഡെലിവറി ജീവനക്കാരൻ പറഞ്ഞു.

"10 എന്നു കരുതി 100 റിയാല്‍ നോട്ടാണ് അദ്ദേഹം നല്‍കിയത്. കൃത്യമായ സംഖ്യയാണ് നല്‍കിയത് എന്നു കരുതി പിന്നീടാണ് എണ്ണി നോക്കിയത്. ഉടന്‍ വിളിച്ചു പറഞ്ഞെങ്കിലും കസ്റ്റമര്‍ അത് വിശ്വസിച്ചില്ല. പക്ഷേ, പണംമാറ്റി വെച്ചിരുന്നതുകൊണ്ട് ബാക്കി ഞാൻ തിരിച്ചു നൽകി," അദ്ദേഹം പറഞ്ഞു.

നാലും അഞ്ചും സീരീസിലെ നോട്ടുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതിനാല്‍ പച്ച നിറത്തിലുള്ള പഴയ അഞ്ചു റിയാല്‍ നോട്ടും അതേ നിറത്തിലുള്ള പുതിയ ഒരു റിയാല്‍ നോട്ടും മാറാന്‍ സാധ്യതയുണ്ട് എന്നും ഒരു കാഷ്യര്‍ പറഞ്ഞു.

കൂടുതല്‍ ഉപയോഗിക്കുന്തോറും കണ്‍ഫ്യൂഷന്‍ മാറിക്കിട്ടുമെന്നും എന്നാല്‍ എപ്പോഴും സൂക്ഷ്മത അതാവശ്യമാണെന്നും സന്ദര്‍ശകര്‍ കൂടുതലായും ശ്രദ്ധിക്കണമെന്നും കടക്കാര്‍ അഭിപ്രായപ്പെട്ടു.

Comments


Page 1 of 0