ഈയുഗം ന്യൂസ്
July  19, 2021   Monday   02:13:56pm

newswhatsapp

ദോഹ: മിഡിൽ ഈസ്റ്റ് മേഖലയിലെ നമ്പർ വൺ ട്രാവൽ ഹബ് എന്ന പദവി ഇപ്പോൾ ദോഹക്ക് സ്വന്തം.

ദുബായിയെ മറികടന്നാണ് ഈ വർഷം ആദ്യ പകുതിയിൽ ദോഹ ഈ നേട്ടം കൈവരിച്ചതെന്ന് അന്താരാഷ്‌ട്ര തലത്തിൽ ടിക്കറ്റിങ് മോണിറ്റർ ചെയ്യുന്ന ഫോർവേഡ് കീസ് എന്ന കമ്പനി അറിയിച്ചു.

വളരെ പ്രാധാന്യത്തോടെയാണ് പല മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തത്.

ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ദോഹ വഴി യാത്ര ചെയ്യാൻ ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെ എണ്ണം ദുബായുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനം കൂടുതലായിരുന്നു.

രണ്ടാം പാദത്തിലുള്ള അഥവാ നിലവിലുള്ള ബുക്കിങ്ങുകൾ ദോഹ വഴി 17 ശതമാനം കൂടുതലാണെന്നും ഫോർവേഡ് കീസ് അറിയിച്ചു. അതായത് അന്താരാഷ്ട്ര യാത്രക്കുള്ള ഹബ്ബായി യാത്രക്കാർ കൂടുതലും ഇപ്പോൾ തിരഞ്ഞെടുക്കുന്നത് ദോഹയെയാണ്.

അഭൂതപൂർവമായ വളർച്ചയാണ് ദോഹ കൈവരിച്ചത്. ഇപ്പോൾ മേഖലയിലെ ട്രാൻസിറ്റ് യാത്രക്കാരുടെ 33 ശതമാനം ഷെയർ ദോഹക്കും 30 ശതമാനം ദുബായിക്കുമാണ്. മുമ്പ് 44 ശതമാനം ദുബായിക്കും 21 ശതമാനം ദോഹക്കുമായിരുന്നു.

അടുത്ത വർഷം ലോക കപ്പിന് വേദിയാകുന്ന ദോഹയുടെ മുന്നോട്ടുള്ള പ്രയാണം തുടരുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കോവിഡ് കാലത്തു ഖത്തർ എയർവെയ്‌സ് സ്വീകരിച്ച നടപടികളാണ് ദോഹയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. മറ്റു വിമാന കമ്പനികൾ പൂർണമായും സർവീസ് നിർത്തിയപ്പോൾ ഖത്തർ എയർവെയ്‌സ് പറന്നുകൊണ്ടിരുന്നു.

അതേസമയം ഉപരോധത്തെ അത്ഭുതകരമായി ഖത്തർ എയർവെയ്‌സ് ഉപയോഗപ്പെടുത്തിയതായി ഫോർവേഡ് കീസ് കമ്പനി വക്താവ് പറഞ്ഞു. നഷ്ട്ടപ്പെട്ട മാർക്കറ്റ് ഷെയർ തിരിച്ചുപിടിക്കാൻ ഖത്തർ എയർവെയ്‌സ് നിരവധി പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങി.

"ഇത് തികച്ചും വിരോധാഭാസമായി തോന്നാം. ഉപരോധമാണ് ഇപ്പോഴുള്ള ദോഹയുടെ ഈ നേട്ടത്തിന് കാരണം," വക്താവ് പറഞ്ഞു.

അതേസമയം കോവിഡിന്റെ മുമ്പുള്ളതിനേക്കാൾ മേഖലയിലുള്ള വിമാന സർവിസുകൾ ഇപ്പോൾ 81 ശതമാനം കുറവാണ്. സർവിസുകൾ പൂർണമായും പുനഃസ്ഥാപിച്ചാൽ ഇപ്പോഴുള്ള അവസ്ഥ മാറാൻ സാധ്യതയുണ്ടെന്നും ഫോർവേഡ് കീസ് കമ്പനി വക്താവ് പറഞ്ഞു.

Comments


Page 1 of 0