// // // */ E-yugam


ഈയുഗം ന്യൂസ്
June  27, 2021   Sunday   01:20:24pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 30 വർഷത്തിലധികമായി മാഹിയിലെയും പരിസരപ്രദേശങ്ങളിലെയും നിർധനരായ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ ദിവസം രക്തദാന ക്യാമ്പ് നടത്തി.

ഹമദ് ബ്ലഡ് ഡോണർ സെന്ററിൽവച്ച് നടത്തിയ പരിപാടിയിൽ 110 ഓളം പേർ മുന്നോട്ടുവരികയും 77 പേരിൽനിന്നും രക്തം സ്വീകരിക്കുകയും ചെയ്തു. വലിയ ജനപങ്കാളിത്തത്തോടെ ക്യാമ്പ് സംഘടിപ്പിച്ച കമ്മിറ്റിയെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ മുഖ്യാതിഥിയായി. മാഹിക്കാരുടെ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് അദ്ദേഹത്തിന്റെയും ഐ.സി.ബി.എഫ് ന്റെയും ഭാഗത്തുനിന്ന് ഭാവിയിൽ എല്ലാ പിന്തുണയും അറിയിച്ചു.

തുടർന്ന് രക്തദാനം നൽകിയവർക്ക് കമ്മിറ്റിയുടെ വക സർട്ടിഫിക്കറ്റും ആസ്റ്റർ മെഡിക്കൽ സെന്റർ വക സൗജന്യമായി കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്യാനുള്ള കൂപ്പണും ആസ്റ്റർ പ്രിവിലേജ് (ഡിസ്കൗണ്ട്) കാർഡും സിയാദ് ഉസ്മാൻ കൈമാറി.

മേലിലും ഇത്തരം ജീവകാരുണ്യ പ്രവർത്തികളിൽ എല്ലാവരും മുന്നോട്ടുവരണമെന്ന് പ്രസിഡണ്ട് റിജാൽ കിടാരൻ, ജനറൽ സെക്രട്ടറി ആഷിക് മാഹി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

രക്തദാന ക്യാമ്പ് കൺവീനർ മുഹമ്മദ് റിസൽ പരിപാടിക്ക് നേതൃത്വം നൽകി. ഒപ്പം ജോയിൻ കൺവീനർ വാഹിദ് വർദ്ധ കോർ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ അഹദ്, സാബിർ ടി.കെ, അനീസ് ഹനീഫ്, അർഷാദ് ഹുസൈൻ, മുഹമ്മദ് ഷെർലിദ്, മുഹമ്മദ് അസ്ലം എന്നിവരും കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു.

ഐ.സി. ബി.എഫ് ഇൻഷുറൻസ് പദ്ധതിയുടെ ഒരു കൗണ്ടറും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. ലീലാർ പറമ്പത്ത്, റിസ്‌വാൻ ചാലകര, ഫൈസൽ കിടാരൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ട്രഷറർ സുഹൈൽ മനോളി രക്തദാനക്യാമ്പുമായി സഹകരിച്ച മുഴുവൻ അംഗങ്ങൾക്കും പ്രത്യേകിച്ച് ഹമദ് ബ്ലഡ് ഡോണർ സെന്റർ മെഡിക്കൽ സ്റ്റാഫുകൾക്കും പ്രായോജകർക്കും നന്ദി പറഞ്ഞു.

news

Comments


Page 1 of 0