// // // */ E-yugam


ഈയുഗം ന്യൂസ്
June  22, 2021   Tuesday   03:10:13pm

news



whatsapp

ദോഹ: മകള്‍ 20 മാസമായി ദോഹയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശിയായ വീട്ടമ്മ.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനാണ് അതിയ ബീഗം എന്നു പേരുള്ള മാതാവ് നിവേദനം നല്‍കിയതെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ജോലിക്കായാണ് മകള്‍ അലിയ ബീഗം ദോഹയിലെത്തിയതെന്ന് അതിയ ബീഗം പറഞ്ഞു. നാട്ടില്‍നിന്നും ജോലി അന്വേഷിച്ചുകൊണ്ടിരിക്കേ മുനീര്‍ എന്ന ട്രാവല്‍ ഏജന്റ് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു.

ഒരു ബ്യൂട്ടി പാര്‍ലറില്‍ ബ്യൂട്ടീഷന്‍ ആയായിരുന്നു ജോലി വാഗ്ദാനം. ഇതേത്തുടര്‍ന്ന് ദോഹയിലെത്തുകയും ബ്യൂട്ടി പാര്‍ലറില്‍ 14 മാസം ജോലിനോക്കുകയും ചെയ്തു. ഈ പാര്‍ലര്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനെത്തുടര്‍ന്ന് ബ്ലാക്ക് സലൂണ്‍ എന്ന മറ്റൊരു സലൂണില്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ആറുമാസം ജോലി ചെയ്തു. എന്നാല്‍ ഇവിടെ മതിയായ താമസ സൗകര്യമോ ഭക്ഷണമോ ചികിത്സയോ ലഭിച്ചില്ല. ശമ്പളവും കത്യമായി നല്‍കിയില്ല.

അതിനിടെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സുഖമില്ലാതായതിനെത്തുടര്‍ന്ന് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. എന്നാല്‍ തൊഴിലുടമ ആലിയക്കെതിരെ പരാതി നല്‍കുകയും ഇതേത്തുടര്‍ന്ന് ആറുമാസം അല്‍ റയാന്‍ ജയിലില്‍ കിടക്കുകയും ചെയ്തു.

ജയില്‍ മോചിതയായ ആലിയയോട് തൊഴിലുടമ തന്റെ വീട്ടില്‍ രണ്ടുമാസം വീട്ടുജോലിക്ക് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ബ്യൂട്ടിപാര്‍ലര്‍ അടഞ്ഞുകിടക്കുന്നതാണ് കാരണം പറഞ്ഞത്. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ ഒരു റസ്‌റ്റോറന്റില്‍ വെയ്റ്ററസ് ആയി ജോലി ചെയ്യാനാവശ്യപ്പെട്ടു. എന്നാല്‍ റസ്റ്റോറന്റ് ഉടമ ആലിയയെ ഉപദ്രവിച്ചു. ശമ്പളം നല്‍കാതെയും താമസസൗകര്യം നല്‍കാതെയും പീഡിപ്പിച്ചു.

പ്രയാസത്തിലായ മകള്‍ വിളിക്കുമ്പോഴെല്ലാം നാട്ടില്‍ വരണമെന്നു പറഞ്ഞു കരയും. ഈ സാഹചര്യത്തിലാണ് നയതന്ത്ര ഇടപെടല്‍ നടത്തി മകളെ നാട്ടിലെത്തിക്കാനാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. --

Comments


Page 1 of 0