ഈയുഗം ന്യൂസ്
June  21, 2021   Monday   06:12:47pm

newswhatsapp

ദോഹ: നാലു വർഷത്തിനു ശേഷം ഖത്തറിൽ സഊദി അംബാസിഡർ എത്തി. മൻസൂർ ബിൻ ഖാലിദ് ഫർഹാനാണ് ഖത്തറിലെ പുതിയ സഊദി സ്ഥാനപതി. അദ്ദേഹത്തെ ഖത്തർ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർഹ്മാൻ അൽതാനി സ്വീകരിച്ചു. എംബസിയുടെ പ്രവർത്തനത്തിന് അദ്ദേഹം എല്ലാ പിന്തുണയും അറിയിച്ചു.

ഖത്തറിനെതിരെ സഊദി സഖ്യം എർപ്പെടുത്തിയ ഉപരോധത്തെ തുടർന്നാണ് എംബസികളുടെ പ്രവർത്തനം നിർത്തി വെച്ചത്. ഉപരോധം പിൻവലിച്ചതിനെത്തുടർന്ന് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വ്യാപാര സൗഹൃദ ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിച്ചു വരികയാണ്.

സഊദിയും ഈജിപ്തും മറ്റു രാജ്യങ്ങളേക്കാൾ വേഗത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. വ്യാപാര ബന്ധങ്ങൾ പുനരാരംഭിക്കാൻ ബഹ്റൈനും സന്നദ്ധമായി. എന്നാൽ യു.എ.ഇ വളരേ പതുക്കെയാണ് നീങ്ങുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഖത്തർ ഭീകരവാദത്തെ പിന്തുണക്കുന്നു എന്നാരോപിച്ചാണ് നാലു അറബ് രാജ്യങ്ങളുടെ നേതൃത്വത്തിൽ 2017 ൽ ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ ഖത്തർ ഇതു നിഷേധിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടരുതെന്ന് പറയുകയും ചെയ്തിരുന്നു.

അമേരിക്ക ഇടപെട്ടു നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഉപരോധം പിൻവലിക്കാൻ തീരുമാനിച്ചത്. റിയാദിൽ നടന്ന ജിസിസി ഉച്ചകോടിയിൽ വെച്ച് അൽ ഉല എന്ന പേരിൽ അനുരഞ്ജ ഉടമ്പടി ഒപ്പു വെക്കുകയും ചെയ്തു.

Comments


Page 1 of 0