ഈയുഗം ന്യൂസ്
June  09, 2021   Wednesday   07:43:58pm

news

ഗോസിയമേ തമാര ഭർത്താവിനൊപ്പം.whatsapp

ദോഹ: ഒരൊറ്റ പ്രസവത്തിൽ പത്തു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് സൗത്ത് ആഫ്രിക്കൻ വനിത. ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ പത്തു കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്.

കഴിഞ്ഞ മാസം ഒന്പത് കുഞ്ഞുങ്ങളെ പ്രസവിച്ച മൊറോക്കോക്കാരിയായ മാലിയൻ ഹലീമയുടെ റെക്കോർഡ് ആണ് 37 വയസ്സുകാരിയായ ഗോസിയമേ തമാര തകർത്തതെന്ന് ന്യൂ യോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

എട്ട് കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നതായാണ് സ്കാനിംഗ് ചെയ്തപ്പോൾ കണ്ടെത്തിയതെന്നും പക്ഷെ തിങ്കളാഴ്ച രാത്രി പ്രസവിച്ചപ്പോൾ പത്തു പേർ ഉള്ളതായി മനസ്സിലായെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

"ഏഴ് ആൺകുട്ടികളും മൂന്ന്‌ പെൺകുട്ടികളുമാണ്. അവൾക്ക് ഏഴു മാസവും ഏഴു ദിവസവും ഗർഭമായിരുന്നു. എനിക്ക് സന്തോഷമായി," വികാരഭരിതനായി ഭർത്താവ് റ്റബോഹോ പറഞ്ഞു.

"എട്ട് കുഞ്ഞുങ്ങളാണ് ഗർഭപാത്രത്തിലെന്നു ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ശരിക്കും തളർന്നുപോയി. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. രണ്ടോ മൂന്നോ കുഞ്ഞുങ്ങളായിരിക്കുമെന്നാണ് ഞാൻ കരുതിയത്," ഒരു മാസം മുമ്പ് നൽകിയ അഭിമുഖത്തിൽ ഗോസിയമേ പറഞ്ഞിരുന്നു.

"പല രാത്രികളും എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. ഇത്രയും കുഞ്ഞുങ്ങളെ ഗർഭപാത്രം എങ്ങിനെ ഉൾക്കൊള്ളും? അവർ എല്ലാവരും സുരക്ഷിതരാണോ? എല്ലാവരെയും ജീവനോടെ ലഭിക്കുമോ? ചിലർ സയാമീസ് ഇരട്ടകളെപ്പോലെയായിരിക്കുമോ? ഇത്തരം ചോദ്യങ്ങൾ എന്നെ അലോസരപ്പെടുത്തി. പക്ഷെ ഗർഭപാത്രം ഉള്ളിലേക്ക് വളരുകയാണെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. ദൈവം ഒരു അത്ഭുതം സൃഷ്ടിച്ചു. എല്ലാവരും സുരക്ഷിതർ," ഗോസിയമേ പറഞ്ഞു.

Comments


Page 1 of 0