ഈയുഗം ന്യൂസ്
June  09, 2021   Wednesday   04:10:18pm

newswhatsapp

ദോഹ: ആറ് ഗൾഫ് രാജ്യങ്ങളിലെയും കോവിഡ് ആപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാൻ തീരുമാനം.

പൗരന്മാർക്കും പ്രവാസികൾക്കും ഗൾഫ് രാജ്യങ്ങൾക്കിടയിൽ സുഗമമായി യാത്ര ചെയ്യാനും പരസ്പരം കോവിഡ് ഡാറ്റ കൈമാറാനും ഇതുവഴി സാധിക്കുമെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഖത്തറിൽ ഇഹ്‌തറാസ് ആപ്പ് ഉപയോഗിക്കുന്ന പോലെ മറ്റു അഞ്ചു ഗൾഫ് രാജ്യങ്ങളിലും കോവിഡ് ആപ്പ് ഉപയോഗിക്കുന്നു.

ഇയ്യിടെ നടന്ന ഗൾഫ് ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ ആപ്പുകൾ ബന്ധിപ്പിക്കാനുള്ള തീരുമാനം എടുത്തതായും ഇതിനായുള്ള സാങ്കേതിക ജോലി തുടങ്ങിയതായും ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ: യൂസുഫ് അൽ മാസ്‌ലാമണി ഖത്തർ ടി.വി യുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

വിഷയത്തിന്റെ നിയമ വശങ്ങളും മറ്റും പഠിച്ചുവരുന്നതായും ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ ഇഹ്‌തറാസ് ആപ്പും സൗദിയിൽ തവക്കൽന ആപ്പും യു.എ.ഇ യിൽ അൽ ഹൊസൻ ആപ്പും ഒമാനിൽ തറസുദ് ആപ്പും കുവൈത്തിൽ ശ്ലോനിക് ആപ്പും ബഹ്‌റൈനിൽ ബിവെയർ ആപ്പും ഉപയോഗിക്കുന്നു.

ഖത്തറിൽ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായും മറ്റു നിയന്ത്രണങ്ങളും പിന്വലിക്കുമെന്നും ഡോ: യൂസുഫ് അൽ മാസ്‌ലാമണി പറഞ്ഞു.

Comments


Page 1 of 0