ഈയുഗം ന്യൂസ്
April 06, 2021 Tuesday 06:44:08pm
ഹേമ പ്രേമാനന്ദ് ഭർത്താവിനും മക്കളോടുമൊപ്പം.
ദോഹ: ഖത്തറിൽ കോവിഡ് ബാധിച് ഇന്ന് ആറ് പേർ മരണപ്പെട്ടതായും 927 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിരവധി മാസങ്ങൾക്ക് ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്രയും ഉയർന്ന മരണസംഖ്യ രേഖപ്പെടുത്തുന്നത്.
34, 49, 52, 58, 76, 79 വയസ്സുള്ള രോഗികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 312 ആയി.
512 പേർ രോഗമുക്തരായി. പുതിയ 927 കേസുകളിൽ 814 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 113 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.
17,587 ആക്ടീവ് കേസുകൾ ഇപ്പോൾ ചികിത്സയിലാണ്.
മരിച്ചവരിൽ ഖത്തറിലെ ഡി.പി.എസ് മൊണാർക് ഇന്റർനേഷണൽ സ്കൂളിൽ ജോലി ചെയ്യുന്ന മലയാളി അധ്യാപിക ഹേമ പ്രേമാനന്ദും ഉൾപ്പെടും. 49 വയസ്സായിരുന്നു. പാലക്കാട് ജില്ലയിലെ കോട്ടായി സ്വദേശിയാണ്.
ഡാൻസ് അധ്യാപികയായി ജോലി ചെയ്ത ഹേമ ഖത്തറിലും നാട്ടിലും അറിയപ്പെടുന്ന കൊറിയോഗ്രാഫർ കൂടിയാണ്. നിരവധി ഇന്ത്യൻ സംഘടനകൾ സംഘടിപ്പിച്ച കലാപരിപാടികളിൽ ഹേമ കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
രണ്ട് മക്കളുണ്ട്: മീര. താര. മീര ചെന്നൈയിൽ ദന്തഡോക്ടറായി ജോലി ചെയ്യുന്നു. ദോഹയിലുള്ള താര പന്ത്രണ്ടാം ക്ലാസ്സ് പൂർത്തിയാക്കി.
"അമ്മ ചൊവ്വാഴ്ച്ച പുലർച്ചെ 1 .33 ന് മരണപ്പെട്ടതായാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. മൂന്നാഴ്ചയായി ഹസം മെബൈരീക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച് അച്ഛനെ ക്യൂബൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാർജ് ചെയ്യും," ഹേമയുടെ ഇളയ മകൾ താര ഈയുഗത്തോട് പറഞ്ഞു.
പത്തു വർഷമായി ദോഹയിലുള്ള ഹേമ ഒമാനിലെ സ്കൂളിലും ഡാൻസ് അധ്യാപികയായി ജോലി ചെയ്തിരുന്നു. ഭർത്താവ് പ്രേമാനന്ദ് ദോഹയിൽ ഷാപ്പൂർജി പല്ലോൻജി കമ്പനിയിൽ ജോലി ചെയ്യുന്നു.