ഈയുഗം ന്യൂസ്
March  03, 2021   Wednesday   04:15:59pm

newswhatsapp

ദോഹ: രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് മാത്രമേ ലുസൈലിലെ പുതിയ കോവിഡ് വാക്സിനേഷൻ കേന്ദ്രം സന്ദർശിക്കാൻ അനുമതിയുള്ളൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ ഷെഡ്യൂൾ ചെയ്തവർക്ക് അപ്പോയിന്റ്മെന്റിന്റെ ആവശ്യമില്ലാതെ, ഷെഡ്യൂൾ ചെയ്ത ദിവസത്തിൽ നേരിട്ട് ഡ്രൈവ്-ത്രൂ സെന്ററിലേക്ക് പോകാം.

വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരത്തെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക്, രണ്ടാമത്തെ ഡോസിനുള്ള സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) ഷെഡ്യൂൾ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.

എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെ വാക്സിൻ കേന്ദ്രം പ്രവർത്തിക്കും. ലുസൈൽ മൾട്ടി പർപ്പസ് ഹാളിന് പിന്നിലാണ് വാക്സിൻ ഡ്രൈവ് സെന്റർ. ആദ്യം വരുന്നവർക്ക് ആദ്യം വാക്സിൻ നൽകും. വാക്സിൻ കേന്ദ്രത്തിലേക്കുള്ള അവസാന പ്രവേശന സമയം രാത്രി 9 മണി ആണ്.

കേന്ദ്രത്തിലേക്കുള്ള സന്ദർശകർ വാക്സിനേഷന് മുമ്പുള്ള ഒരു വിലയിരുത്തലിന് വിധേയമാവണം. വാക്സിൻ സ്വീകരിച്ചതിനുശേഷം ഒരു നിശ്ചിത നിരീക്ഷണ സ്ഥലത്ത് അവരുടെ വാഹനത്തിൽ കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള ആർക്കും സഹായം എത്തിക്കാൻ പാരാ മെഡിക്കൽ ടീമും സജ്ജമാണ്.

തിങ്കളാഴ്ചയാണ് ലുസൈലിലെ പുതിയ കോവിഡ് വാക്സിനേഷൻ കേന്ദ്രം പൊതു ജനങ്ങൾക്കായി തുറന്നത്. ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലാണ് വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്.

പൊതുജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് സൗകര്യപ്രദമായ സംവിധാനം ഒരുക്കുന്നതിന് വേണ്ടിയാണ് വാക്സിനേഷൻ ഡ്രൈവ് സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കോവിഡ് -19 സംബന്ധിച്ച ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച്എംസിയിലെ പകർച്ചവ്യാധികളുടെ തലവനുമായ ഡോ. അബ്ദുൽ ലത്തീഫ് അൽ ഖൽ പറഞ്ഞു.

Comments


Page 1 of 0