ഈയുഗം ന്യൂസ്
March  03, 2021   Wednesday   12:02:38pm

newswhatsapp

ദോഹ: കമ്പ്യൂട്ടർ കാർഡ് ഉൾപ്പെടെ ശേഷിക്കുന്ന പേപ്പർ സേവനങ്ങൾ ഇലക്ട്രോണിക് സേവനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

"ഇക്കാര്യത്തിൽ വിശദമായ പഠനങ്ങൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ, ഈ സേവനം ഉടൻ ഓൺലൈനിലും മെട്രാഷ് 2 ആപ്പിലും ലഭ്യമാകും. സേവനം ഓൺ‌ലൈനായി ലഭിച്ചുകഴിഞ്ഞാൽ, ഒരു വ്യക്തിക്ക് കമ്പ്യൂട്ടർ കാർഡ് എളുപ്പത്തിൽ പുതുക്കാൻ കഴിയും," ജനറൽ ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ആന്റ് ഇൻഫർമേഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ താരിഖ് ഇസ്സ അൽ അയ്ഖിദി പറഞ്ഞു.

വാണിജ്യ, വ്യവസായ മന്ത്രാലയങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി ഈ സേവനം ബന്ധപ്പെട്ടിരിക്കുന്നു എന്നത് വളരെ വലിയ കാര്യമാണെന്നും ഖത്തർ റേഡിയോയോട് സംസാരിക്കവെ അദ്ദേഹം വിശദീകരിച്ചു.

“മറ്റ് ചില സേവനങ്ങൾ ഇപ്പോഴും പൂർണമായി ഇലക്ട്രോണിക് ആയിട്ടില്ല. പക്ഷേ, പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി അവ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്.”

കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി, ഡയറക്ടറേറ്റിനെ നേരിൽ സമീപിക്കേണ്ട ആവശ്യമില്ലാതെ തന്നെ എല്ലാ സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടർ കാർഡ് ഡിജിറ്റൽ ആയി പുതിക്കുമെന്ന് ഖത്തർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

പാസ്പോർട്ട് വിഭാഗത്തിനുള്ള പുതിയ കെട്ടിടം വരുന്ന മാസം തുറക്കുമെന്നും ലഫ്റ്റനന്റ് കേണൽ പറഞ്ഞു. “പുതിയ കെട്ടിടം തയ്യാറാണ്. നിർമാണം അവസാന ഘട്ടത്തിലാണ്. ഉടൻ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും," അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0