ഈയുഗം ന്യൂസ്
February  27, 2021   Saturday   11:56:12am

newswhatsapp

ദോഹ: കേന്ദ്ര സർക്കാറിൻ്റെ പുതിയ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാട്ടിലെ എയർപോർട്ടുകളിൽ എത്തുന്നവർ എടുക്കേണ്ട കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യമാക്കിയ കേരള സർക്കാരിന്റെ നടപടി പ്രവാസികൾ സ്വാഗതം ചെയ്തു.

ഗൾഫിലെ പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് സർക്കാർ തീരുമാനം. എന്നാൽ കേരള സർക്കാർ മാത്രമാണ് ഗൾഫിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയത് എന്നതും ശ്രദ്ധേയമാണ്.

പ്രവാസികൾക്ക് ഏറെ ആശ്വാസപ്രദമായ നടപടിയാണ് കേരള ഗവണ്മെന്റ് സ്വീകരിച്ചതെന്ന് ഖത്തറിലെ ലോക കേരള സഭാംഗങ്ങളും നോർക്കാ ഡയരക്ടർമാരും അഭിപ്രായപ്പെട്ടു.

പുതിയ നിബന്ധനകൾ വന്ന ഉടനെ കോവിഡ് ടെസ്റ്റ് സൗജന്യമാക്കണമെന്ന് കേന്ദ്ര സർക്കാറിനോടും കേരളത്തിലെങ്കിലും സൗജന്യമാക്കണമെന്ന് കേരളാ സർക്കാറിനോടും ഖത്തറിലെ ലോക കേരള സാഭാംഗങ്ങളും നോർക്കാ ഡയരക്ടർമാരും രേഖാമൂലം ആവശ്യപ്പെടുകയും നിരന്തരമായി ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തു വരികയായിരുന്നു എന്ന് നോർക്ക റൂട്സ് ഡയറക്ടർ സി.വി റപ്പായിപറഞ്ഞു.

"കേരളാ സർക്കാർ പ്രവാസി സമൂഹത്തിൻ്റെ ആവശ്യങ്ങൾ സത്വരമായി പരിഗണിക്കുന്നതിനും കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയതിനും അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. കേരള സർക്കാർ മാത്രമാണ് പ്രവാസികൾക്ക് ഈ സൗജന്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ സർക്കാറിൻ്റെ മാതൃക ഉൾകൊണ്ട് ഇന്ത്യയിലെ മുഴുവൻ പ്രവാസികൾക്കും കോവിഡ് ടെസ്റ്റ് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാറും തയ്യാറാവണം.

കേന്ദ്ര സർക്കാറിൻ്റെ പ്രോട്ടോകാളിൽ വേറെയും പ്രയാസങ്ങൾ ഉണ്ടാക്കുന്ന വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ട്. അവ കൂടി പരിഹരിക്കാനാവശ്യമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്," സി.വി റപ്പായി പറഞ്ഞു.

സർക്കാർ നടപടി സ്വാഗതാർഹമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെയും നിരവധി പേർ തീരുമാനത്തെ സ്വാഗതം ചെയ്തു.

Comments


Page 1 of 0