ഈയുഗം ന്യൂസ്
February 25, 2021 Thursday 08:32:01pm
ദോഹ: വ്യഴാഴ്ച രാവിലെ ഖത്തറിൽ വധശിക്ഷക്ക് വിധേയനാകേണ്ടിയിരുന്ന തുനീഷ്യൻ പൗരൻ ഫക്രി അൽ അന്തലൂസി ബുദ്ധിപരമായ നീക്കത്തിലൂടെ തൂക്കുകയറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
മരിക്കുന്നതിന് മുമ്പ് അവസാനമായി മാതാവുമായും മറ്റു കുടുംബാംഗങ്ങളുമായും സംസാരിക്കാൻ പോലീസ് നൽകിയ ഫോൺ ഉപയോഗിച്ച് ഫക്രി നേരെ വിളിച്ചത് പ്രമുഖ തുണീഷ്യൻ റേഡിയോ സ്റ്റേഷൻ ആയ ജൗഹറക്കായിരുന്നു.
താൻ നിരപരാധിയാണെന്നും തന്നെ രക്ഷിക്കണമെന്നും നാളെ രാവിലെ തന്നെ തൂക്കിലേറ്റുമെന്നും പറഞ്ഞ ഫക്രിയുടെ വാക്കുകൾ ജൗഹറ ലൈവ് ആയി സംപ്രേഷണം ചെയ്തു. വാർത്ത വൈറൽ ആയതോടെ തുനീഷ്യൻ പ്രസിഡന്റ് കൈസ് സയീദ് ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദുമായി സംസാരിക്കുകയും വധ ശിക്ഷ നീട്ടിവെക്കാൻ ഖത്തർ അധികാരികൾ തീരുമാനിക്കുകയും ചെയ്തു.
മെയ് ഒന്ന് വരെ വധശിക്ഷ നീട്ടിവെക്കാൻ തീരുമാനിക്കുകയും അതിനുമുമ്പ് മറ്റു ശിക്ഷാവിധികൾ പരിഗണിക്കുമെന്നും ടുണീഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊലപാതകക്കുറ്റത്തിനാണ് ഫക്രിയെ വധശിക്ഷക്ക് വിധിച്ചത്. ഫക്രി ഭീകരസംഘടനയായ ഐ.എസ്.ഐ.എസ്സിൽ അംഗമാണെന്നും അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രത്തിൽ പറയുന്നു.
ഖത്തറിലെ തുനീഷ്യൻ സമൂഹത്തിലും തുനീഷ്യൻ മാധ്യമങ്ങളിലും ഇന്ന് സുപ്രധാന വാർത്തയായിരുന്നു ഇത്.
അമീർ സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ട് തുനീഷ്യൻ പ്രസിഡന്റ് കൈസ് സയീദ് പ്രസ്താവനയിറക്കി.
തൻ്റെ മകനെ മരണത്തിൽ നിന്നും രക്ഷിക്കാനായി പ്രയത്നിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഖത്തർ അമീറിന് നന്ദി പറയുന്നതായി ഖത്തറിലുള്ള ഫക്രിയുടെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
വളരെ അപൂര്വമായാണ് ഖത്തറിൽ വധശിക്ഷ നടപ്പിലാക്കുന്നത്. ദി ദോഹ ഗ്ലോബ് ആണ് ഖത്തറിൽ വാർത്ത റിപ്പോർട്ട് ചെയ്തത്.