ഈയുഗം ന്യൂസ്
February 22, 2021 Monday 05:58:35pm
ദോഹ: ഖത്തർ ഗവണ്മെന്റ് നടപ്പാക്കിയ തൊഴിൽ പരിഷ്ക്കാരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് ശുറാ കൌൺസിൽ ആവശ്യപ്പെട്ടു.
കമ്പനി ഉടമകളുടെ താല്പര്യം സംരക്ഷിക്കാനും തൊഴിൽ വിപണിയിൽ കൂടുതൽ സുസ്ഥിരത ഉറപ്പുവരുത്താനുമാണ് നിർദേശങ്ങൾ എന്ന് കരുതപ്പെടുന്നു.
ഒരു തൊഴിലാളി ജോലി മാറിയാൽ കമ്പനിക്ക് വിസ നഷ്ടപ്പെടില്ല എന്ന് ഉറപ്പുവരുത്തുക; മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ ജോലി മാറാൻ അനുവദിക്കാതിരിക്കുക; ഒരു കമ്പനിയിൽ ഒരു വർഷം 15 ശതമാനത്തിലധികം തൊഴിലാളികളെ ജോലി മാറാൻ അനുവദിക്കാതിരിക്കുക (കമ്പനിയുടെ സമ്മതമില്ലാതെ); തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ചിലവാക്കിയ തുക തിരിച്ചുലഭിക്കാൻ സംവിധാനമുണ്ടാക്കുക എന്നിവയാണ് ശുറാ കൌൺസിൽ സർക്കാരിനോട് നിർദേശിച്ച കാര്യങ്ങൾ.
കമ്പനിയുടെ അനുവാദത്തോടെ മാത്രം രാജ്യത്ത് നിന്നും പുറത്തുപോകാൻ സാധിക്കുന്ന തൊഴിലാളികളുടെ എണ്ണം അഞ്ചു ശതമാനത്തിൽ നിന്നും 10 ശതമാനമായി ഉയർത്തണമെന്നും ശുറാ കൌൺസിൽ ആവശ്യപ്പെട്ടു. പല ചെറുകിട കമ്പനികളിലും ജോലിക്കാരുടെ എണ്ണം കുറവാണ് എന്നതാണ് ഈ നിർദേശം മുന്നോട്ടുവെക്കാൻ കൌൺസിൽ നൽകിയ കാരണം.
ഗവർന്മെന്റിന്റെ ഉപദേശക സമിതിയാണ് ശുറാ കൌൺസിൽ. ഇന്ന് ചേർന്ന യോഗത്തിലാണ് സമിതി നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.