ഈയുഗം ന്യൂസ്
February 21, 2021 Sunday 08:00:12pm
ദോഹ: ദോഹയിൽ ക്വാറന്റൈൻ ഹോട്ടലുകളുടെ ക്ഷാമവും റൂം നിരക്ക് കുത്തനെ കൂടിയതും നാട്ടിൽ പോകുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. ഹോട്ടൽ ബുക്കിംഗ് ലഭിക്കാത്തതിനാലും ഉയർന്ന നിരക്ക് മൂലവും നിരവധി പേർ നാട്ടിൽ കുടുങ്ങിയതായി ചില പ്രവാസികൾ ഈയുഗത്തോട് പറഞ്ഞു.
അതേസമയം പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഖത്തർ എയർവെയ്സിന് കീഴിലുള്ള ഡിസ്കവർ ഖത്തർ ഉടൻ സ്വീകരിക്കണമെന്ന് ഖത്തറി സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ ആവശ്യപ്പെട്ടു.
ദോഹയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പലർക്കും പല ദിവസങ്ങളിലും ഹോട്ടൽ ബുക്കിംഗ് ലഭിക്കുന്നില്ല. ആവശ്യക്കാർ കൂടിയതും ഹോട്ടൽ റൂമുകൾ പരിമിതമായതുമാണ് കാരണം. മാത്രമല്ല ഏതാനും മാസങ്ങൾക്ക് മുമ്പ് 2000 രൂപക്ക് റൂം ലഭിച്ചിരുന്നപ്പോൾ ഇപ്പോൾ ഏകദേശം 3,500 റിയാൽ ആണ് ഒരാഴ്ചത്തേക്കുള്ള റൂം ചാർജ്.
ഉയർന്ന സംഖ്യ നൽകിയാലും ബുക്കിംഗ് ലഭിക്കാത്ത ദിവസങ്ങളുമുണ്ട്.
"വളരെയധികം മാനസിക സംഘർഷമാണ് ഞാൻ അനുഭവിച്ചത്. കൃത്യ സമയത്തു തിരിച്ചുവരാൻ സാധിക്കാതെ ജോലി നഷ്ടപ്പെടുമോ എന്നുപോലും ഞാൻ ഭയന്നു," പ്രായമായ മാതാപിതാക്കളെ സന്ദർശിക്കാൻ നാട്ടിലേക്ക് പോയ ആർ. മുഹമ്മദ് ഈയുഗത്തോട് പറഞ്ഞു.
അതേസമയം ഹോട്ടൽ ബുക്ക് ചെയ്തതിന് ശേഷം യാത്ര ക്യാൻസൽ ചെയ്യേണ്ടിവന്നതിനാൽ നിരവധി പേർക്ക് ഭീമമായ സംഖ്യ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആവുകയോ അല്ലെങ്കിൽ ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുകയോ ചെയ്താൽ മാത്രമാണ് ബുക്കിംഗ് തീയതി മാറ്റാൻ ഡിസ്ക്കവർ ഖത്തർ അനുവദിക്കുന്നത്. മറ്റു ചില അപൂർവ സാഹചര്യങ്ങളിലും ബുക്കിംഗ് മാറ്റാൻ അനുവദിക്കുന്നു. അതേസമയം നിരവധി എമർജൻസി കാരണങ്ങളാൽ യാത്ര മാറ്റിവെക്കേണ്ടിവന്നവർക്കും തിയ്യതി മാറി ബുക്ക് ചെയ്തവർക്കും പണം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
തിയ്യതി മാറി ഹോട്ടൽ ബുക്ക് ചെയ്ത മലപ്പുറത്തെ ഒരു പ്രമുഖ ട്രാവൽ ഏജൻസി ജീവനക്കാരന് റീഫണ്ട് ലഭിക്കാത്തതിനാൽ ഏകദേശം ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി അദ്ദേഹം ഈയുഗത്തോട് പറഞ്ഞു.
"ദോഹയിലേക്ക് തിരിച്ചു വരാൻ എൻ്റെ ഭാര്യക്കും മക്കൾക്കും ഞാൻ ടിക്കറ്റും ഹോട്ടലും ബുക്ക് ചെയ്തിരുന്നു. പക്ഷെ ഭാര്യക്ക് സുഖമില്ലാതായത് കാരണം എനിക്ക് അവർക്ക് യാത്ര ചെയ്യാൻ സാധിച്ചില്ല. റീഫണ്ടിന് വേണ്ടി അപേക്ഷിച്ചപ്പോൾ എന്നോട് ആശുപത്രിയിൽ നിന്നും സെര്ടിഫിക്കറ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്തിനാണ് ഇത്രയും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്? ഒരു കേൻസല്ലേഷൻ ചാർജ് ഈടാക്കിയതിന് ശേഷം ബാക്കി സംഖ്യ റീഫണ്ട് ചെയ്യുകയാണ് വേണ്ടത്" മറ്റൊരു പ്രവാസി അഭിപ്രായപ്പെട്ടു.
ഡിസ്കവർ ഖത്തറിന്റെ ഗൂഗിൾ പ്രൊഫൈൽ സെക്ഷനിൽ നിരവധി പേരാണ് പരാതിയുമായി എത്തിയത്. പരാതികൾക്ക് മറുപടി ലഭിക്കുന്നില്ലെന്നും തങ്ങളുടെ പണം നഷ്ടപ്പെട്ടതായും നിരവധി പേർ എഴുതി.
അതേസയമം രാജ്യത്തു കോവിഡ് കേസുകൾ വർധിച്ചത് മൂലവും ഹോട്ടൽ ബുക്കിംഗ് പ്രശ്നങ്ങളും കാരണം നിരവധി പ്രവാസികൾ യാത്ര മാറ്റിച്ചു.