// // // */ E-yugam


ഈയുഗം ന്യൂസ്
January  20, 2021   Wednesday   02:08:14pm

news



whatsapp

ദോഹ: യു.എ.ഇയുമായുള്ള ബന്ധത്തിൽ ചില പുരോഗതികൾ ഉണ്ടായതായി ഖത്തർ ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി അറിയിച്ചു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചില ആശയവിനിമയങ്ങൾ നടന്നതായും ചർച്ചകൾ തുടരുന്നതിനെ തങ്ങൾ പ്രതീക്ഷയോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനും യുഎഇക്കും ഇടയിൽ നിലനിൽക്കുന്ന ഏതൊരു പ്രശ്നവും പരിഹരിക്കാൻ തങ്ങൾ സദാ സന്നദ്ധരാണെന്നും മന്ത്രി അറിയിച്ചു. യുഎഇയിലേക്കുള്ള വിമാന സർവ്വീസ് ഖത്തർ അടുത്തിടെ പുനഃസ്ഥാപിച്ചിരുന്നു.

യുഎഇ വിദേശകാര്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചുകൊണ്ട് നിലവിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ് താനെന്ന് ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു. മുൻപോട്ടുള്ള വഴിയെപ്പറ്റിയാണ് ഖത്തർ ചിന്തിക്കുന്നതെന്നും ഭൂതകാലത്തിലെ ഉപരോധ അനുഭവത്തിലേക്ക് വീണ്ടും മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചില പ്രമാണങ്ങളിൽ അധിഷ്ഠിതമായാണ് ഖത്തറിൻറെ വിദേശനയം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ആ പ്രമാണങ്ങളിൽ ഒരിക്കലും തങ്ങൾ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തെ ജനങ്ങൾക്കുള്ള ആഗ്രഹത്തെ പിന്തുണയ്ക്കാനാണ് ഖത്തർ ശ്രമിക്കുന്നത്. തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി സമാധാനപരമായി നിലകൊള്ളാനും നീതിക്കായി പോരാടാനും തയ്യാറാവുന്നവരെ ഖത്തർ ഇനിയും പിന്തുണയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

ഗൾഫ് കോ ഓപറേഷൻ കൌൺസിലിലെ ആറ് അംഗരാജ്യങ്ങളും ഇറാനും പങ്കെടുക്കുന്ന സമ്മേളനത്തെപ്പറ്റിയുള്ള ചോദ്യത്തിന് സമ്മേളനം നടക്കുമെന്ന് തന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം മറുപടി നൽകി. ജിസിസി രാജ്യങ്ങളുടെ പ്രതീക്ഷയാണ് ഇതെന്നായിരുന്നു ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തത്.

Comments


Page 1 of 0