// // // */ E-yugam


ഈയുഗം ന്യൂസ്
January  18, 2021   Monday   01:22:19pm

news



whatsapp

ദോഹ: ഖത്തറിൽ 2019ൽ രജിസ്റ്റർ ചെയ്യപ്പെട്ട ആകെ വാഹനങ്ങളുടെ എണ്ണം 67,885 ആയതായി ആഭ്യന്തര വകുപ്പിലെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1,655,704 ആയി. 2018ൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 4.3 ശതമാനം വർധനവാണ് കഴിഞ്ഞ കൊല്ലം ഉണ്ടായത്.

ട്രാഫിക് നിയമത്തെപ്പറ്റി ബോധവൽക്കരണം നടത്തുന്ന ഒരു വിർച്വൽ സെമിനാറിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്. ഖത്തറിലെ ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണവും 2019ൽ വർധിച്ചു. 83,722 ഡ്രൈവിങ് ലൈസൻസുകളാണ് കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്തത്. രാജ്യത്ത് ആകെ 1,612,218 പേർക്കാണ് നിലവിൽ ലൈസൻസ് സ്വന്തമായുള്ളത്. 2018ൽ ലൈസൻസ് നേടിയവരുടെ എണ്ണത്തെക്കാൾ 5.5 ശതമാനം വർധനവ് 2019ൽ രേഖപ്പെടുത്തി.

ചില ട്രാഫിക് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കാര്യമായ ശമനം ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മുഹമ്മദ് അബ്ദുള്ള അൽ കുവാരി അറിയിച്ചു. കുറ്റക്കാരെ നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് മുൻപിൽ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു.

ലൈസൻസില്ലാതെ വാഹനമോടിക്കൽ, നിർദേശിക്കപ്പെട്ടതിൽ നിന്ന് വ്യത്യസ്തമായ ലൈസൻസുമായി വാഹനം നിരത്തിലിറക്കൽ എന്നിവയാണ് ഇത്തരത്തിലുള്ള പ്രധാന കുറ്റകൃത്യങ്ങൾ. കുറഞ്ഞത് ഒരു മാസവും പരമാവധി മൂന്ന് വർഷം വരെയും ജയിൽവാസം ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. 10,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴ ലഭിക്കാനും സാധ്യതയുണ്ട്.

ഇതേ കുറ്റം വീണ്ടും ആവർത്തിച്ചാൽ ഒരാഴ്ച്ച മുതൽ മൂന്ന് വർഷം വരെ ജയിൽവാസത്തിനോ 20,000 മുതൽ 50,000 റിയാൽ വരെ പിഴയോ ലഭിക്കും.

റോഡ് യാത്രക്കാർക്കും പൊതു ജനങ്ങൾക്കും റോഡ് സുരക്ഷയെപ്പറ്റി ബോധവൽക്കരണം നൽകാനാണ് സെമിനാർ സംഘടിപ്പിച്ചത്. കമ്പനികളിലും മറ്റ് സ്ഥാപനങ്ങളിലും സ്കൂളുകളിലും ഗതാഗത-ട്രാഫിക് സുരക്ഷ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും പ്രത്യേക അവബോധം നൽകാനും സെമിനാർ സംഘാടകർ ശ്രദ്ധിച്ചു.

Comments


   Ok

Page 1 of 1