ഈയുഗം ന്യൂസ്
December 03, 2020 Thursday 05:56:50pm
ദോഹ: ഖത്തറിലേക്ക് നിരോധിത ഗുളികകൾ കടത്താനുള്ള ശ്രമം കാർഗോയും വിമാനത്താവള കസ്റ്റംസ് വിഭാഗവും ചേർന്ന് തടഞ്ഞു.
എംബ്രോയിഡറിക്കും തുന്നലിനും ഉപയോഗിക്കുന്ന തരം റിബ്ബണുകളിൽ പൊതിഞ്ഞ ബാഗിനുള്ളിൽ നിറച്ച 1,395 ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ട്വിറ്ററിൽ കുറിച്ചു.
അപസ്മാരത്തിനും സന്ധിവേദനക്കും ഉപയോഗിക്കുന്ന ലിറിക്ക ഗുളികകൾ ലഹരിമരുന്നായി ഉപയോഗിക്കുന്നു.
എക്സ്പ്രസ്സ് മെയിലിലെത്തിയ ബാഗുകളിലൊന്ന് കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ നടത്തുന്നവർക്കെതിരെ അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നല്കുന്നുണ്ട്. യാത്രക്കാരുടെ ശരീരഭാഷ പഠിക്കുന്നതിനായുള്ള അത്യാധുനിക സാങ്കേതികവിദ്യകളും നിരന്തരമായ പരിശീലനവും രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സർക്കാർ നല്കി വരുന്നു. ഇതുപയോഗിച്ച് കള്ളക്കടത്ത് നടത്തുന്നവരുടെ ഏറ്റവും പുതിയ മാർഗങ്ങൾ കണ്ടെത്താനും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.