ഈയുഗം ന്യൂസ്
November 14, 2020 Saturday 12:27:28pm
ദോഹ: ഖത്തറില്‍ നടന്നുവരുന്ന അജ്യാൽ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ‘ശ്യംഗാർ’ ന്റെ സംവിധാനവും സംഗീത സംവിധാനവും ചെയ്തിരിക്കുന്നത് കട്ടുപ്പാറ സ്വദേശികൾ.
സംവിധാനം ചെയ്തിരിക്കുന്നത് മുഹമ്മദ് നൗഫലും സംഗീത സംവിധാനം ചെയ്തിരിക്കുന്നത് സുധീപ് പാലനാടുമാണ്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ വര്‍ഷവും നടത്തിവരുന്ന ദേശീയ ചലച്ചിത്രമേളയാണിത്.
അജ്യാല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുപ്പെട്ട ആദ്യ മലയാളചിത്രമായിരിക്കുകയാണ് ശൃംഗാര്‍. ഖത്തര്‍ പ്ലാസ്റ്റിക് പ്രൊഡക്ഷന്‍ കമ്പനിയില്‍ ഫിനാന്‍സ് അസിസ്റ്റന്റ് ആണ് നൗഫല്‍. ബോര്‍ഡര്‍, റോഡ്സൈഡ്, ലൌഡര്‍ വോയ്സ് എന്നീ ചിത്രങ്ങളിലൂടെ നേരത്തെയും നൗഫലിനെ തേടി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. ദി അണ്‍ജസ്റ്റ് എന്ന ചിത്രം നേരത്തെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു മിനിറ്റ് ചലച്ചിത്രവിഭാഗത്തില്‍ അംഗീകാരം നേടിയിരുന്നു.
ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ എല്ലാ വര്‍ഷവും അജ്യാല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്താറുണ്ട്. രണ്ട് കാറ്റഗറിയാണ് ഉള്ളത്. ഫീച്ചര്‍ ഫിലിം കാറ്റഗറിയും മെയ്ഡ് ഇന്‍ ഖത്തര്‍ കാറ്റഗറിയും.
ഖത്തറില്‍ നിര്‍മ്മിക്കപ്പെടുന്ന, ഖത്തറുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍ പറയുന്ന, ഖത്തറില്‍ നിന്നുള്ള ആള് പ്രൊഡ്യൂസറോ ഡയറക്ടറോ ആയിട്ടുള്ള സിനിമകളെയാണ് മെയ്ഡ് ഇന്‍ ഖത്തര്‍ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ഷോര്‍ട്ട്ഫിലിം, ഷോര്‍ട്ട് ഡോക്യുമെന്ററി, ആനിമേഷന്‍ ഫിലിം അടക്കം 16 സിനിമകളാണ് മെയ്ഡ് ഇന്‍ ഖത്തര്‍ കാറ്റഗറിയിലായി അജ്യാല്‍ ഫെസ്റ്റിവലില്‍ ഇത്തവണ മത്സരത്തിനുള്ളത്. വൻ ഹിറ്റായി മാറിയ ‘സൂഫിയും സുജാതയും’ എന്ന സിനിമക്ക് സംഗീതം ചെയ്ത് മുമ്പും സുധീപ് പാലനാട് ശ്രദ്ധ നേടിയിരുന്നു.
2012 ലാണ് നൗഫൽ ഖത്തറിലെത്തിയത്. 2014 ലാണ് ബോര്‍ഡര്‍ എന്ന പേരില്‍ ആദ്യത്തെ ഷോര്‍ട്ട് ഫിലിം ചെയ്തത്. കൈരളി നടത്തിയ ഖത്തര്‍ കനവുകള്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിന് വേണ്ടി ഒരുക്കിയതായിരുന്നു ആ ഷോര്‍ട്ട് ഫിലിം.
"കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു മലയാള സിനിമയുടെ അജ്യാല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം ഒരു സ്വപ്നമായിരുന്നു. ഈ വര്‍ഷം ശൃംഗാറിന് ലഭിച്ച പ്രവേശനം മലയാളികള്‍ക്ക് മാത്രമല്ല, ഇന്ത്യക്കാര്‍ക്കാകെ അഭിമാന മുഹൂര്‍ത്തമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നു," നൗഫൽ പറഞ്ഞു.
ചിത്രത്തിന്റെ സ്ക്രീനിംഗ് വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കാം.
https://2020.ajyalfilm.com/films/shringar-5f8c375f1f066e005abc324d