// // // */ E-yugam


ഈയുഗം ന്യൂസ്
October  23, 2020   Friday   05:44:21pm

news



whatsapp

ദോഹ: കൊറോണ വൈറസ് മുൻകരുതലുകളുടെ ഭാഗമായി പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, സാംസ്കാരിക, കായിക പരിപാടികൾ എന്നിവയ്ക്ക് സംഘാടകർ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പങ്കെടുക്കുന്നവർ, വേദി തുടങ്ങിയ വിശദാംശങ്ങൾ അനുമതിക്കു വേണ്ടി നൽകുന്ന അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം. മറ്റു വകുപ്പുകളിൽ നിന്നുള്ള അനുമതികൾക്കു പുറമേ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയും ഇത്തരം പരിപാടികൾക്ക് വേണ്ടതുണ്ട്.

ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭിക്കുന്ന ഫോറം പൂരിപ്പിച്ചാണ് ഇതുസംബന്ധിച്ച അപേക്ഷ സമർപ്പിക്കേണ്ടത്. ഇമെയിൽ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയ്ക്ക് മന്ത്രാലയം അനുമതി നൽകിയാൽ കോവിഡ് 19 പ്രോട്ടോക്കോൾ പാലിക്കാൻ സംഘാടകർ ബാധ്യസ്ഥരായിരിക്കും.

പരിപാടിയിൽ പങ്കെടുക്കാൻ ഖത്തറിൽ എത്തുന്നവർക്കുള്ള നിർദേശങ്ങളും മന്ത്രാലയം നൽകിയിട്ടുണ്ട്. ചടങ്ങിൽ സംബന്ധിക്കുന്നവർ ഓരോ മൂന്നു ദിവസം കൂടുമ്പോഴും പി.സി.ആർ പരിശോധനയ്ക്കു വിധേയരാവണം. രാജ്യത്ത് എത്തി രണ്ടാഴ്ച വരെയാണ് ഈ രീതി അവലംബിക്കണ്ടത്. അന്താരാഷ്ട്ര പ്രതിനിധികൾ രാജ്യത്തെത്തുന്ന മുറയ്ക്ക് ഹോട്ടൽ ക്വാറന്റൈനിൽ പോവുകയും ഇതിനു ശേഷം മാത്രമേ ചടങ്ങിൽ സംബന്ധിക്കാനും കഴിയുകയുള്ളൂ.

ചടങ്ങുകളിൽ പ്രഭാഷകരും സംഘാടകരും പങ്കെടുക്കുന്നവരുമടക്കമുള്ളവർ മാസ്ക് ധരിക്കേണ്ടതുണ്ട്. കായികമൽസരങ്ങൾ നടക്കുന്ന സമയത്ത് മാത്രം കായികതാരങ്ങൾക്ക് മാസ്ക് ധരിക്കേണ്ടതില്ല. ആളുകൾ തമ്മിൽ ഒന്നരമീറ്റർ അകലം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ഏവരും ഇഹ്തറാസ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. ജീവനക്കാരെയും പങ്കെടുക്കുന്നവരെയും കാഴ്ചക്കാരെയുമൊക്കെ തെർമൽ സ്കാനിങ്ങിന് വിധേയരാക്കണം. 37.8 ഡിഗ്രി സെൽഷ്യസോ അതിൽ താഴെയോ മാത്രം ശരീര താപനിലയുള്ളവർക്കു മാത്രമാവും പരിപാടികളിൽ പ്രവേശന അനുമതിയുണ്ടാകുക. ഓരോ സെഷനുകളിലും പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ സംഘാടകർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാമുൻകരുതലുകൾ പാലിച്ചുകൊള്ളാമെന്ന സത്യപ്രസ്താവനയിലും സംഘാടകർ ഒപ്പുവയ്ക്കേണ്ടതുണ്ട്.

കൊറോണവൈറസ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച ഖത്തറിൽ സപ്തംബർ ഒന്നുമുതൽ കായിക മൽസരങ്ങൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്ക് അനുമതി നൽകിയിരുന്നു.

അതേസമയം അന്താരാഷ്ട്ര കായിക പരിപാടികൾ, മൽസരങ്ങൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്ക് ഒക്ടോബർ ഒന്നു മുതലാണ് അനുമതി നൽകിയത്.

Comments


Page 1 of 0