// // // */ E-yugam


ഈയുഗം ന്യൂസ്
October  12, 2020   Monday   10:01:31am

news



whatsapp

ദോഹ: ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) 2024ൽ 208 ബില്യൻ ഡോളറാകുമെന്ന് റിപോർട്ട്. നിലവിൽ 162 ബില്യൻ ഡോളറായ ജി.ഡി.പി നാലു വർഷത്തിനുള്ളിൽ 30 ശതമാനം വർധിച്ച് 208 ബില്യൻ ഡോളറാകുമെന്ന് സാമ്പത്തിക വിശകലന സ്ഥാപനമായ ഫോകസ് ഇകോണമിക്സ് റിപോർട്ട് പറയുന്നു.

2021 ഓടെ ജിഡിപി 7.2 ശതമാനം വളർച്ച നേടി 174 ബില്യൻ ഡോളറായി വർധിക്കും. 2022ൽ 6.4 ശതമാനം വളർച്ച നേടി 185 ബില്യനാവുകയും 2023 ൽ 1.9 ശതമാനം വളർച്ച കൈവരിച്ച് 196 ബില്യൻ ഡോളറായി വർധിക്കുകയും ചെയ്യും.

പണപ്പെരുപ്പ നിരക്കും തൊഴിലില്ലായ്മാ നിരക്കും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ആരോഗ്യകരമായ അവസ്ഥയും വളർച്ചയും വ്യക്തമാക്കുന്ന രീതിയിലാണുള്ളതെന്നും റിപോർട്ടിൽ പറയുന്നു.

ഈ വർഷം പണപ്പെരുപ്പ നിരക്ക് 1.8 ശതമാനവും 2021ൽ 1.2 ശതമാനവും 2022ൽ 1.7 ശതമാനവും 2023ൽ 1.8 ശതമാനവും 2024ൽ ഇത് 1.9 ശതമാനവും ആയിരിക്കും.

ഉപഭോക്തൃ വില ആഗസ്തിൽ 4.1 ശതമാനമായി കുറഞ്ഞു. ജൂലൈ മാസത്തേ അപേക്ഷിച്ച് 3.4 ശതമാനത്തിന്റെ കുറവാണ് ആഗസ്തിൽ ഉണ്ടായത്. വിനോദ, സാംസ്കാരിക, ഗതാഗത, ഹൗസിങ് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറഞ്ഞുവെന്നാണ് ഇത് അർഥമാക്കുന്നത്. വരുന്ന വർഷം ഈ മേഖല പൂർവസ്ഥിതിയിലെത്തുന്നതു വരെ വില കുറയുന്നത് തടയുമെന്നാണ് കരുതുന്നത്.

ജിഡിപിയെ പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഖത്തറിന്റെ സാമ്പത്തിക വളർച്ചയെയാണ് ഇതു കാണിക്കുന്നത്. ജനങ്ങൾ കൂടുതലായി സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നതിന് തുടക്കമായതോടെ കോവിഡ് പ്രതിസന്ധി മൂലമുണ്ടായ നഷ്ടം നികത്തപ്പെടുന്നതിന്റെ സൂചനകളും കണ്ടുതുടങ്ങിയിട്ടുണ്ട്.

ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക് ഈ വർഷം 0.4 ശതമാനമാണെങ്കിലും ഇത് 2024ഓടെ 0.1 ശതമാനമായി കുറയുമെന്നാണ് റിപോർട്ട് വ്യക്തമാക്കുന്നത്. 2021ൽ തൊഴിലില്ലായ്മാ നിരക്ക് 0.3 ശതമാനവും 2022ലും 2023ലും 0.2 ശതമാനവും ആകുമെന്നും റിപോർട്ടിൽ പറയുന്നു.

ജിഡിപി വർധിക്കുന്നതിനൊപ്പം പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയുന്നത് ഖത്തർ സാമ്പത്തികരംഗത്തിന്റെ കരുത്ത് പ്രകടമാക്കുന്നതാണ്. 2022 ഫിഫ ലോകകപ്പിനു ശേഷം വിഷൻ 2030ന്റെ ഭാഗമായി അനേകം പ്രധാന പദ്ധതികളാണ് ഖത്തർ ആസൂത്രണം ചെയ്തിരിക്കു്നത്.

കോവിഡ് പ്രതിസന്ധി മൂലം ഇന്ധനവില കുറ‍ഞ്ഞതും സന്ദർശകരുടെ എണ്ണത്തിൽ വന്ന വൻ കുറവുമാണ് ഈ വർഷം സാമ്പത്തിക രംഗത്തിന് തിരിച്ചടിയായത്. എന്നാൽ ഈ വർഷത്തെ മൂന്നാം പാദത്തിൽ സാമ്പത്തികരംഗം കരകയറുമെന്നാണ് സൂചന. അതേസമയം സന്ദർശകരുടെ വരവ് കുറയുന്നത് ടൂറിസം രംഗത്തെ പ്രതിസന്ധിയിലാക്കുമെന്നും റിപോർട്ടിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്

Comments


Page 1 of 0