ഇന്ത്യയിൽ വിക്സ് ഗുളിക നിരോധിച്ചു; നിർമാണം നിർത്തിയതായി കമ്പനി

ഈയുഗം ന്യൂസ് ബ്യൂറോ     February  09, 2018   Friday  

newsഎത്രയും പെട്ടെന്ന് തന്നെ വിപണിയിൽ നിന്ന് ഈ വക മരുന്നുകൾ പിൻവലിക്കാൻ ഡ്രഗ്സ് കൺട്രോളർ കീഴ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.


ചുമക്കും കഫക്കെട്ടിനും കണ്ണുമടച്ചു വാങ്ങിക്കഴിക്കുന്ന വിക്സ് ഗുളിക ഉൾപ്പെടെ മുന്നൂറിൽ പരം മരുന്നുകൾ ഇന്ത്യ നിരോധിച്ചു. ഫിക്സഡ് ഡോസ് ചേരുവകൾ എന്ന ഗണത്തിൽ പെടുന്ന മരുന്നുകൾ കൊണ്ട് രോഗിക്ക് ഉപകാരം ഒന്നുമില്ലെന്ന് മാത്രമല്ല ചില ഉപദ്രവങ്ങൾ ഉണ്ടുതാനും. ഇതാണ് നിരോധന കാരണം എന്ന് അധികൃതർ വ്യക്തമാക്കി.

എത്രയും പെട്ടെന്ന് തന്നെ വിപണിയിൽ നിന്ന് ഈ വക മരുന്നുകൾ പിൻവലിക്കാൻ ഡ്രഗ്സ് കൺട്രോളർ കീഴ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പ്രോക്ടർ ആന്റ് ഗാംബിൾ എന്ന ബഹുരാഷ്ട്ര ഭീമനാണ് വിക്സ് ആക്ഷൻ 500 എക്സ്ട്രാ എന്ന ബ്രാൻഡ് നാമത്തിൽ ചുമ ഗുളിക ഉണ്ടാക്കുന്നത്. ഉടൻ പ്രാബല്യത്തിൽ വരും വിധം നിർമാണവും വിതരണവും നിർത്തിവെച്ചതായി കമ്പനി വക്താവ് അറിയിച്ചു. ഹിന്ദു ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയതത്.

ജനകീയമായ മറ്റൊരു ചുമ മരുന്നാണ് കോറെക്സ്. ഫൈസർ എന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഇത് ഉല്പാദിപ്പിക്കുന്നത്. കഴിഞ്ഞ ഒമ്പതു മാസം കൊണ്ട് 176 കോടി രൂപയുടെ വിറ്റുവരവാണ്‌ കമ്പനി നേടിയെടുത്തത്. അബോട്ട് എന്ന ബഹുരാഷ്ട്ര കമ്പനി വകയായുള്ള ചുമ സിറപ്പ് ആണ് ഫെൻസിഡൈൽ. രണ്ടിന്റെയും നിർമാണം നിർത്തിവെച്ചതായി കമ്പനികൾ അറിയിച്ചു.

നിരോധിച്ച ഫിക്സഡ് ഡോസ് മരുന്നുകൾ കുറിച്ചുകൊടുക്കരുതെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകാൻ അധികൃതർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ വിലക്കിനെ തുടർന്ന് പല കമ്പനികളും തത്കാലം നിർമാണവും വിതരണവും നിർത്തി വെച്ചിട്ടുണ്ടെങ്കിലും ഒന്നിച്ചും കൂട്ടായും നിരോധം മറികടക്കാനുള്ള വഴികൾ തേടിക്കൊണ്ടിരിക്കയാണ്.


Sort by