ഈയുഗം ന്യൂസ്
September 30, 2020 Wednesday 05:47:06pm
ദുബൈ: പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളെ ചെറുക്കുന്നതിന് 'കരിപ്പൂരിനും നീതി വേണം' എന്ന പ്രമേയത്തില്‍ ഐ. സി. എഫ് ഗൾഫ് കൗൺസിൽ വിപുലമായ കാമ്പയിന് സംഘടിപ്പിച്ചു.
സോഷ്യല്‍ മീഡിയ പ്രചാരണം, പേര്‍സണല്‍ കാമ്പയിന്, നാഷണല്‍ തലത്തില്‍ വിവിധ സാമൂഹ്യ സാംസ്കാരിക വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു ഗൾഫ് രാജ്യങ്ങളിൽ ബഹുജന സംഗമം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു.
മലബാറിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് വലിയ തോതിൽ ഉപകാരപ്പെടുന്ന എയർപോർട്ടിനോടു അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പരിപാടികളിൽ.
32 വർഷമായി പൊതുമേഖലയിൽ വളരെ ലാഭകരമായി പ്രവർത്തിച്ചു വരുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുക, റൺവേ നീളം വർധിപ്പിക്കുക, വിമാനങ്ങളുടെ പാർക്കിംഗ് സൗകര്യം വർധിപ്പിക്കുന്നതിന് ഏപ്രൺ വീതി കൂട്ടുക, ഡൊമെസ്റ്റിക് സൗത്ത് ഈസ്റ്റ് ഏഷ്യൻ കണക്റ്റിവിറ്റി ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന കാലതാമസം ഒഴിവാക്കണം. എല്ലാ വലിയ വിമാനങ്ങൾക്കും ഡി ജി സി എ, ഐ സി എ ഒ എന്നീ ഏജൻസികളുടെ മുഴുവൻ മാർഗ നിർദ്ദേശങ്ങളും പാലിക്കുന്ന എയർപോർട്ടിൽ കഴിഞ്ഞ മാസം നടന്ന വിമാനാപകടത്തിന്റെ പേരിൽ മാത്രം അനുമതി നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല.
ഖത്വര്‍ നാഷണല്‍ ബഹുജന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. കോയ കൊണ്ടോട്ടി (കെ എം സി സി) ശ്രീനാഥ് ശങ്കരന് കുട്ടി (സംസ്കൃതി), അബ്ദുല്‍ റഊഫ് കൊണ്ടോട്ടി (ഗപാഖ് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി), അന്‍വര്‍ സാദത്ത് (ഇന്‍കാസ്) പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്, കരീം ഹാജി മേമുണ്ട, ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, സലീം അംജദി ബഷീര്‍ പുത്തുപ്പാടം, ഉമര്‍ കുണ്ടുതോട്, ജമാല്‍ അസ്ഹരി പ്രസംഗിച്ചു.
കുവൈത്തില്‍ നടന്ന ബഹുജന സംഗമം നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേഷ് മാത്തൂര്‍, അസീസ് തിക്കോടി, ബഷീര്‍ ബാത്ത, അബ്ദുല്ല വടകര, ശിഹാബ് വാരം സംസാരിച്ചു.
സൗദിയിൽ നടന്ന ബഹുജന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് ഹബീബ് അല്‍ ബുഖാരി, എം ഡി എഫ് പ്രസിഡന്റ് കെ എം ബഷീര്‍, ശരീഫ് കാരശ്ശേരി, വി.കെ റഊഫ്, അസ്ലം പാലത്ത്, കബീര്‍ കോണ്ടോട്ടി, കബീര്‍ കൊണ്ടോട്ടി, മുജീബ് എ ആര് നഗര്‍, ബഷീര്‍ എറണാകുളം, മന്‍സൂര്‍ പള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
യു.എ.ഇയിൽ സംഘടിപ്പിച്ച ബഹുജന സംഗമം എം കെ രാഘവന് എം പി ഉദ്ഘാടനം ചെയ്തു. സിഎംഎ കബീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംഗമം, മുഹമ്മദ് പറവൂര്‍ (എസ് വൈ എസ്) ഡോ. പുത്തൂര്‍ റഹ്മാൻ (കെഎംസിസി), മുഹമ്മദലി പുന്നക്കന്‍ (ഇന്‍കാസ്), കുഞ്ഞാവുട്ടി കാദര്‍ സാഹിബ് (ഐഎംസിസി), അനൂപ് കീച്ചേരി (മീഡിയ), കെ എം ബഷീര്‍ (എംഡിഎഫ്), അഡ്വ. മുഹമ്മദ് സാജിദ് (മലബാര്‍ പ്രവാസി), നിസാര്‍ സഖാഫി (ഐസിഎഫ്) തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബഹ്റൈനിൽ നടന്ന ബഹുജന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉല്‍ഘാടനം ചെയ്തു. സൈനുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ബഷീര്‍ അമ്പലായി (ബി കെ എസ് എഫ് ), അനസ് യാസീന്‍ കൊണ്ടോട്ടി (മാധ്യമ പ്രവര്ത്തകന്), രാജീവന് വെള്ളിക്കോത്ത് (റേഡിയോ രംഗ് ), ഗഫൂര്‍ കൈപ്പമംഗലം (കെ എം സി സി), മുജീബ് എ ആര് നഗര്‍, ശരീഫ് കാരശ്ശേരി, അബൂബക്കര്‍ ലത്തീഫി, എം.സി. അബ്ദുല്‍കരീം ഹാജി, ശംസുദ്ധീന്‍ പൂക്കയില്‍ പ്രസംഗിച്ചു.