രാജ്യത്തെ ആദ്യ സോളാര്‍ കാര്‍ഷിക ഗ്രീന്‍ ഹൗസ് നിര്‍മ്മിക്കാന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി

ഈയുഗം ന്യൂസ്     September  22, 2020   Tuesday   10:02:15am

newswhatsapp

ദോഹ: സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ കാര്‍ഷിക ഗ്രീന്‍ ഹൗസ് ഖത്തര്‍ യൂണിവേഴ്‌സിറ്റി വികസിപ്പിക്കുന്നു. ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ട് (ക്യു എന്‍ ആര്‍ എഫ്), നാഷണല്‍ പ്രിയോറിറ്റി റിസര്‍ച്ച് പ്രോഗ്രാം (എന്‍ പി ആര്‍ പി) എന്നിവയാണ് ഇതിന് വേണ്ട ധനസഹായം ചെയ്യുന്നത്. മുന്‍സിപ്പിലാറ്റി- പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക ഗവേഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ആരോഗ്യമുള്ള ജനതക്കും സംരക്ഷിത കൃഷി അത്യാവശ്യമാണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി. ഗ്രീന്‍ ഹൗസ് പച്ചക്കറി കൃഷിയിലൂടെ 70 ശതമാനം സ്വയംപര്യാപ്തത നേടാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് ഗ്രീന്‍ ഹൗസ് പദ്ധതിയുടെ ലീഡ് റിസര്‍ച്ചര്‍ ഡോ.സൗദ് ഗാനി പറഞ്ഞു. ഇപ്പോഴുള്ള ഭൗമരാഷ്ട്രീയ ആശങ്കകളുടെയും രാജ്യത്തിനെതിരെയുള്ള ഉപരോധത്തിന്റേയും പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ നേടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഫ്രിസനല്‍ ലെന്‍സുകളിലൂടെ അനുയോജ്യമായ സൗര വികിരണങ്ങള്‍ മാത്രം ലഭിക്കുന്ന തെര്‍മല്‍ ഇന്‍സുലേഷനുള്ള ഗ്രീന്‍ഹൗസാണ് പദ്ധതിയിലൂടെ വികസിപ്പിക്കുന്നത്. ഈ ലെന്‍സുകളിലൂടെ സസ്യങ്ങളുടെ നിരയിലേക്ക് സൗര വികിരണങ്ങള്‍ ലഭിക്കും. സസ്യവളര്‍ച്ചക്ക് ആവശ്യമായ സൗരോര്‍ജം ഇതിലൂടെ ലഭിക്കും. വികിരണ നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശീതീകരണ തോത് കുറക്കും. നബാതി ഫാമില്‍ ഇതിന്റെ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്.

ദോഹയുടെ തെക്ക് മെകാനീസിലാണ് നബാതി ഫാം. നിലവില്‍ അവിടെ പരീക്ഷണങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ രണ്ട് വേനല്‍ക്കാലങ്ങളിലെ പരീക്ഷണങ്ങളുടെ ഫലം അനുകൂലമായിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍ ഹൗസ് നിര്‍മിക്കുക.

എഞ്ചിനീയറിംഗിലേയും കൃഷിയിലേയും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഗ്രീന്‍ഹൗസ് പദ്ധതി വികസിപ്പിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം കാര്‍ഷിക ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഹമദ് സാകിത് അല്‍ ശമ്മാരി പറഞ്ഞു. കാലാവസ്ഥാ വ്യത്യാസമില്ലാതെ വര്‍ഷത്തിലുടനീളം കൃഷി നടത്താന്‍ ഇതിലൂടെ സാധിക്കും.


Sort by