// // // */ E-yugam


ഈയുഗം ന്യൂസ്
September  15, 2020   Tuesday   06:12:29pm

news



whatsapp

വാഷിംഗ്‌ടൺ: ഖത്തറിനെതിരേ ചില അറബ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ഉടൻ അവസാനിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകി ഖത്തർ വിദേശകാര്യ സഹമന്ത്രി ലോൽവാഹ് ബിൻത് റാഷിദ് അൽ ഖാത്തർ.

കുവൈത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ നീക്കങ്ങൾ ഇതുവരെ വഴിത്തിരിവിലെത്തിയിട്ടില്ല. ഖത്തറിനെതിരായ ഉപരോധം ട്രംപ് ഭരണകൂടത്തിനെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ യു.എസിന്റെ നേതൃത്വത്തിൽ രണ്ടുമാസം മുമ്പ് പുതിയ അനുരഞ്ജനനീക്കം ആരംഭിച്ചതായും ബ്ലൂംബർഗ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളിൽ നിരവധി മധ്യസ്ഥ നീക്കങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലെ മുന്നേറ്റത്തെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ല. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പുതുതായി ചിലതു പറയാനുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഉപരോധം പിൻവലിക്കാൻ ഉപരോധരാജ്യങ്ങൾ ഖത്തറിനു മുമ്പാകെ വച്ചിരിക്കുന്ന 13 നിബന്ധനകൾ ഒഴിവാക്കിയാണ് അനുരഞ്ജനചർച്ചകൾ നടക്കുന്നത്. വ്യവസ്ഥകൾക്കതീതമായ ചർച്ചകളും സംവാദങ്ങളുമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഖത്തർ അനുരഞ്ജനചർച്ചകൾ നടത്തുന്ന ഉപരോധരാജ്യങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താൻ അവർ വിസമ്മതിക്കുകയും ചെയ്തു. ഖത്തറുമായി അതിർത്തി പങ്കിടുന്ന ഏക ഉപരോധ രാജ്യമായ സൗദിയുമായാണ് ഖത്തർ ചർച്ച നടത്താൻ പ്രധാന്യം നൽകുന്നതെന്ന് നേരത്തേ റിപോർട്ടുകളുണ്ടായിരുന്നു.

Comments


Page 1 of 0