// // // */ E-yugam


ഈയുഗം ന്യൂസ്
September  15, 2020   Tuesday   09:17:40am

news



whatsapp

ദോഹ: കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ മാതാപിതാക്കളോട് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിലെത്തിച്ചു കുട്ടികളെ പഠിപ്പിക്കണോ അതോ പൂർണമായും ഓൺലൈൻ പഠനം മതിയോ എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉപദേഷ്ടാവ് മുഹമ്മദ് അലി ബഷ് രി പറഞ്ഞു.

കൊറോണവൈറസുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ആരോ​ഗ്യ മന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും സംയുക്തമായി വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്കൂളുകൾക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി നടപടികൾ പൂർത്തിയാക്കാനുണ്ട് എന്നതിനാൽ തന്നെ അന്തിമ തീരുമാനമെടുക്കുന്നത് ജാ​ഗ്രതയോടെയായിരിക്കണമെന്നും അദ്ദേഹം മാതാപിതാക്കളെ ഓർമിപ്പിച്ചു. കോവിഡ് 19 കൈകാര്യം ചെയ്യുന്ന ദേശീയ സമിതിയുടെ മേധാവിയും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി വിഭാ​ഗം തലവനുമായ ഡോ. അബ്ദുൽലത്തീഫ് അൽ ഘലും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

സ്കൂളിലെ സാഹചര്യം പരിപൂർണ സുരക്ഷയിലാണെന്നും കുട്ടികളിൽ റിപോർട്ട് ചെയ്ത വൈറസ് ബാധകളിലേറെയും സ്കൂളുകൾക്കു പുറത്തുവച്ചാണെന്നും മുഹമ്മദ് അൽ ബിഷ് രി പറഞ്ഞു. സ്കൂളുകളിൽ വൈറസ് ബാധ റിപോർട്ട് ചെയ്യുന്ന പക്ഷം ആരോ​ഗ്യമന്ത്രാലയവുമായി സഹകരിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകളിൽ കൊറോണ വൈറസ് ബാധ അധികരിക്കുന്ന പക്ഷം സ്കൂളുകളിലെ അധ്യയനം അവസാനിപ്പിച്ച് പൂർണമായും ഓൺലൈനായി ക്ലാസുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറിലെ 350,000ത്തിലേറെ വിദ്യാർഥികൾക്കും മുപ്പത്തയ്യായിരത്തിലേറെ അധ്യാപകരിലുമായി കേവലം 0.2 ശതമാനം പേർക്കു മാത്രമാണ് സ്കൂളുകൾ തുറന്ന ശേഷം വൈറസ് പിടിപെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകൾ തുറന്ന് കുട്ടികൾ തിരികെയെത്തി രണ്ടാഴ്ച പിന്നിടുമ്പോഴും തുച്ഛമായ കേസുകൾ മാത്രമാണ് ഇങ്ങനെ കണ്ടെത്തിയത്. സ്കൂളുകളിൽ റിപോർട്ട് ചെയ്ത കേസുകൾ പരിശോധിച്ചപ്പോൾ ഇവ സ്കൂളിനു പുറത്തുനിന്നുള്ള സമ്പർക്കത്തിലൂടെയാണ് ബാധിച്ചതെന്നു കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

news

Comments


Page 1 of 0