ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചുവെന്ന് മൈക്ക് പോംപിയോ

ഈയുഗം ന്യൂസ്     September  14, 2020   Monday   07:59:34pm

newswhatsapp

ദോഹ: ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചുവെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. വാഷിങ്ടണിൽ നടന്ന മൂന്നാമത് ഖത്തരി-അമേരിക്ക സ്ട്രാറ്റജിക് ഡയലോഗിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ അൽ താനിയും സംസാരിച്ചു.

ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റു ഗൾഫ് രാജ്യങ്ങൾ വിലക്കിയിരിക്കുന്ന ഖത്തറിന്റെ വ്യോമ, കര അതിർത്തികൾ വീണ്ടും തുറക്കുന്നതിനും തർക്കം പരിഹരിക്കുന്നതിനും ട്രംപ് ഭരണകൂടം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും മൈക്ക് പോംപിയോ പറഞ്ഞു.

ഖത്തറിന്റെ പരമാധികാരവും സ്വാതന്ത്ര്യവും മാനിച്ചുകൊണ്ട് ഉപരോധം പിൻവലിക്കാൻ കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് യുഎസ് നൽകുന്ന പിന്തുണയ്ക്ക് ഖത്തർ ഉപ പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യത്തിന്റെ മൂല്യങ്ങൾ പ്രതിഫലിക്കുന്ന സമാധാനം, സ്ഥിരത, ഐശ്വര്യം എന്നിവയലധിഷ്ടിതമായ വിദേശ നയങ്ങൾ ഖത്തർ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപരോധത്തിനെതിരേ ധീരതയോടെ നിലയുറപ്പിച്ചതിനു പുറമേ അന്താരാഷ്ട്ര സമൂഹങ്ങളുമായി ഖത്തർ ദൃഢമായ ബന്ധം സ്ഥാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്താൻ സമാധാനം പുനസ്ഥാപിക്കുന്നതിന് ഖത്തർ നടത്തുന്ന പ്രയത്നത്തെ പ്രശംസിച്ച മൈക്ക് പോംപിയോ ഗസയിലും സിറിയയിലും ലബനോനിലും സുസ്ഥിരത കൈവരിക്കുന്നതിനായി ഖത്തർ നടത്തുന്ന ഇടപെടലുകൾ വിലമതിക്കാനാവാത്തതാണെന്നും വ്യക്തമാക്കി.


Sort by