അറബ് ലീഗ് ആസ്ഥാനം വിവാഹ ഓഡിറ്റോറിയമാക്കി പ്രഖ്യാപിക്കാൻ കാമ്പയ്ൻ

ഈയുഗം ന്യൂസ്     September  13, 2020   Sunday   12:33:26pm

newswhatsapp

യു.എ.ഇ-ഇസ്രായേൽ ബാന്ധവത്തെ അപലപിക്കാൻ വിസമ്മതിച്ച അറബ് ലീഗിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. < കയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനം വിവാഹ ഓഡിറ്റോറിയമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങി.

യു.എ.ഇ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച നടപടിയെ അപലപിച്ച് അറബ് ലീഗിൽ പലസ്തീൻ പ്രമേയം കൊണ്ടുവന്നിരുന്നു. ചർച്ചക്ക് ശേഷം പ്രമേയം ഒഴിവാക്കാൻ അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഹൊസ്സം സാകി തീരുമാനിച്ചു.

ഇതിനു പിന്നാലെയാണ് ജറുസലേമിൽ നിന്നുള്ള മുഹമ്മദ് അമാസ് സാമൂഹികമാധ്യമങ്ങളിൽ ഇത്തരമൊരു കാംപയിനു തുടക്കമിട്ടത്. അറബ് ലീഗ് ആസ്ഥാനം വിവാഹ ഓഡിറ്റോറിയമാക്കി മാറ്റണമെന്ന ആവശ്യത്തിന് ഇതിനകം രണ്ടായിരത്തിലേറെ പേരാണ് പിന്തുണ നൽകിയത്.

കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനം പൊതുജന താൽപര്യം മുൻനിർത്തിയല്ല പ്രവർത്തിക്കുന്നതെന്നും അതിനാലാണ് താൻ ഈ ആവശ്യം ഉയർത്തുന്നതെന്നും മുഹമ്മദ് അമാസ് പറയുന്നു.

പത്തുലക്ഷം പേരുടെ പിന്തുണയാണ് താൻ കാംപയിനിൽ പ്രതീക്ഷിക്കുന്നതെന്നും അമാസ് കൂട്ടിച്ചേർത്തു.

നേരത്തേ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച യു.എ.ഇ നടപടിയെ പലസ്തീൻ അതോറിറ്റി നിശിതമായി വിമർശിച്ചിരുന്നു. യു.എ.ഇയുടേത് പലസ്തീനെ വഞ്ചിക്കുന്നതും പലസ്തീൻ സമാധാന കരാറിൽ നിന്നുള്ള പിൻമാറ്റമാണെന്നും പലസ്തീൻ പറയുകയുണ്ടായി.

ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലബനോൻ, സൗദി അറേബ്യ, സിറിയ എന്നീ രാജ്യങ്ങൾ ചേർന്ന് 1945 മാർച്ച് 22നാണ് അറബ് ലീഗ് സ്ഥാപിച്ചത്. അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് അറബ് ലീഗ് സ്ഥാപിച്ചത്. 1979ൽ ഇസ്രായേലുമായി സമാധാനകരാർ ഉണ്ടാക്കാൻ പ്രസിഡന്റ് അൻവർ സാദത്ത് ശ്രമിച്ചതിനെ തുടർന്ന് ഈജിപ്തിനെ അറബ് ലീഗിൽ നിന്നു പുറത്താക്കിയിരുന്നു.


Sort by